കൊച്ചി: നെടുമ്പേശേരി വിമാനത്താവള ടെര്‍മിനലിലേക്കുള്ള പ്രവേശനത്തിന് വെബ് ചെക്ക് ഇന്‍, ഡിജിയാത്ര വിശദാംശങ്ങള്‍ എന്നിവ നിര്‍ബന്ധമാക്കിയെന്ന പ്രചാരണം നിഷേധിച്ച് അധികൃതര്‍. ഇത്തരത്തിലുള്ള വിഡിയോ പ്രചരിക്കുന്നുണ്ടെന്നും ഇതു വാസ്തവവിരുദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വിമാനത്താവളത്തിലേക്കുള്ള പ്രവേശനത്തിനും ചെക്ക് ഇന്‍ നടപടികള്‍ക്കും നിലവിലുള്ള രീതി തുടരും. ആയാസരഹിതമായി വിമാനത്താവള ടെര്‍മിനലിനുള്ളില്‍ പ്രവേശിക്കാനാണ് ഡിജിയാത്ര, വെബ് ചെക്ക് ഇന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.വിമാനത്താവള ടെര്‍മിനലുകളിലെ പുറപ്പെടല്‍ പ്രക്രിയ, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ സുഗമമാക്കുന്ന സംവിധാനമാണ് ഡിജി യാത്ര. ആഭ്യന്തര ടെര്‍മിനലില്‍ 22 ഗേറ്റുകളില്‍ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കും. ബെല്‍ജിയത്തില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇ-ഗേറ്റുകളാണ് ഇവിടെ ഉപയോഗിക്കുക. സിയാല്‍ ഐടി വിഭാഗമാണ് ഡിജിയാത്ര സോഫ്‌റ്റ്വെയര്‍ രൂപകല്‍പ്പന ചെയ്തത്. 2023 ഓഗസ്റ്റ് മുതല്‍ ഡിജിയാത്ര സൗകര്യം കൊച്ചി വിമാനത്താവളത്തില്‍ ലഭ്യമാണ്.