വയനാട്ടില്‍ പെയ്തത് 10 ശതമാനം കനത്ത മഴ; മനുഷ്യ ഇടപെടല്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം ഉരുള്‍പൊട്ടലിന് ആക്കംകൂട്ടി, പഠന റിപ്പോര്‍ട്ട്

0

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനമാണ് ജൂലൈ 30 ന് വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണമായതെന്ന് വിലയിരുത്തല്‍. വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്റെ (WWA) വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനം, ഈ പ്രദേശത്ത് 10% കനത്ത മഴയ്ക്ക് കാരണമായി. ഇത് ഉരുള്‍പൊട്ടലിന് കാരണമായി മാറിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ, മലേഷ്യ, അമേരിക്ക, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള 24 ഗവേഷകരാണ് പഠനം നടത്തിയത്.ഭാവിയില്‍ ഇത്തരം പ്രകൃതിക്ഷോഭങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിന്, വനനശീകരണവും ക്വാറികളും കുറയ്ക്കാന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സംഘടനയായ വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്‍ നിര്‍ദേശിക്കുന്നു. ഇതോടൊപ്പം പ്രകൃതിക്ഷോഭങ്ങളെ സംബന്ധിച്ചുള്ള മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്താനും, ഒഴിപ്പിക്കല്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനും ശുപാര്‍ശ ചെയ്യുന്നു. ഒറ്റദിവസമുണ്ടാകുന്ന അതിതീവ്രമഴ പോലുള്ളവ കുറയ്ക്കാനായി ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശിക്കുന്നു.

‘മനുഷ്യ പ്രേരിത കാലാവസ്ഥാ വ്യതിയാനം’ വയനാട്ടില്‍ അതിതീവ്ര മഴയ്ക്ക് ഇടയാക്കി. വടക്കന്‍ കേരളത്തില്‍ ഇതിന്റെ ആഘാതം കടുത്ത ആള്‍നാശത്തിനിടയാക്കിയെന്നും പഠനം സൂചിപ്പിക്കുന്നു. വയനാട്ടില്‍ ഒറ്റ ദിവസം 146 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ഇത് കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള മൂന്നാമത്തെ ഉയര്‍ന്ന കനത്ത മഴയാണ്. ഏറ്റവും ദുര്‍ബലമായ ജില്ലയാണ് വയനാട്. മലയോര പ്രദേശമായ വയനാട് ജില്ലയിലെ മണ്ണ് കേരളത്തിലെ ഏറ്റവും അയഞ്ഞതും മണ്ണൊലിപ്പുള്ളതുമായ മണ്ണാണ്. അതിനാല്‍ മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലാണ്.

ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മലയോര മേഖലകളിലെ നിര്‍മാണം, വനനശീകരണം, ക്വാറികള്‍ എന്നിവ നിയന്ത്രിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം നിയന്ത്രിച്ചില്ലെങ്കില്‍, കേരളത്തില്‍ ഒരു ദിവസത്തെ മഴയുടെ അളവ് നാലു ശതമാനം വരെ വര്‍ധിക്കും. ഇത് കൂടുതല്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും ഇടയാക്കുമെന്നും ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗ്രന്ഥം ഇന്‍സ്റ്റിറ്റ്യൂട്ട് – ക്ലൈമറ്റ് ചേഞ്ച് ആന്റ് ഇന്‍വയേണ്‍മെന്റ് ഗവേഷക മരിയം സക്കറിയ പറഞ്ഞു.

Leave a Reply