തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറുലക്ഷംരൂപ ധനസഹായം നല്‍കും. കാണാതയവരുടെ ആശ്രിതര്‍ക്കും സഹായം നല്‍കുമെന്ന്, മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടിവരുന്ന ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നല്‍കും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും ഇത് ലഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സര്‍ക്കാര്‍ ഉടമസ്ഥതയിലും പൊതു ഉടമസ്ഥതയിലും സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കുന്ന വീടുകള്‍ക്കും ഇത്തരത്തില്‍ വാടക നല്‍കേണ്ടതില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2018 നു സമാനമായി, വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക്, യുണിവേഴ്‌സിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍, ഡയറക്ടറേറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഡ്യപ്ലിക്കേറ്റ് / പുതുക്കിയ രേഖകള്‍ നല്‍കുമ്പോള്‍ യാതൊരുവിധ ഫിസും ഈടാക്കാന്‍ പാടുള്ളതല്ല എന്നും ഉത്തരവു നല്‍കിയിട്ടുണ്ട്.
ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപ ധനസഹായം അനുവദിക്കും. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുന്നതിനു പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ കൂടി ചേര്‍ത്താണ് ആറ് ലക്ഷം രൂപ ലഭിക്കുക.
ഉരുള്‍പൊട്ടലില്‍ കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും 60% ല്‍ അധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ വീതവും 40% മുതല്‍ 60% വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപ വീതവും, സി എം ഡി ആര്‍ എഫില്‍ നിന്നും അനുവദിക്കുവാന്‍ തീരുമാനിച്ചു.
ധനസഹായം അനുവദിക്കുന്നതിനായി Next of kin സാക്ഷ്യപത്രം അടിസ്ഥാനമാക്കി വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ അവകാശികള്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള അധികാരത്തിന് വിധേയമായി നഷ്ടപരിഹാരം നല്‍കുന്നതിനും ഉത്തരവ് പുറപ്പെടുവിക്കും. കോവിഡ് -19ന്റെ സമയത്ത് സ്വീകരിച്ചതിന് സമാനമായ രീതിയാണിത്.
ഇതനുസരിച്ചു പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് കൂടാതെ തന്നെ ഭാര്യ/ഭര്‍ത്താവ് / മക്കള്‍/ മാതാപിതാക്കള്‍ എന്നിവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. സഹോദരന്‍, സഹോദരി എന്നിവര്‍ ആശ്രിതര്‍ ആണെങ്കില്‍ അവര്‍ക്കും ധന സഹായം ലഭിക്കും. പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം പൂര്‍ണ്ണമായും ഒഴിവാക്കാനാകും. പിന്തുടര്‍ച്ചാവകാക സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുമുമ്പ് ആക്ഷേപമുന്നയിക്കുന്നതിനുള്ള നോട്ടീസ് സമയപരിധിയായ 30 ദിവസമെന്നുള്ളത് പൂര്‍ണ്ണമായും ഒഴിവാക്കും.
ദൂരന്തത്തില്‍പ്പെട്ട കാണാതായ വ്യക്തികളുടെ ആശ്രിതര്‍ക്കും സഹായം നല്‍കേണ്ടതുണ്ട്. ഈ വിഷയത്തില്‍ പെട്ടിമുടി ദുരന്തത്തില്‍ കാണാതായവരുടെ കാര്യത്തില്‍ പുറപ്പെടുവിച്ചതുപോലെ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പട്ടിക തയ്യാറാക്കി പ്രസിദ്ധികരിക്കും. അത് അടിസ്ഥാനപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.