ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകൻ മാത്യു നെടുമ്പാറ ആണ് ഹർജി നൽകിയത്.(‘Verdict that Mullaperiyar is safe should be quashed’: New petition in Supreme Court,)
2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്നും ഹർജിക്കാരൻ പറയുന്നു. മുൻകാല വിധികൾ നിയമപരമായി തെറ്റെന്നും ഹർജിക്കാരൻ വാദം ഉയർത്തുന്നു. വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
വയനാട് ദുരന്തത്തിന് പിന്നാലെയാണ് മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നത്. മുല്ലപ്പെരിയാർ ഡാം ഡികമ്മിഷൻ ചെയ്യണം എന്നാവശ്യവുമായി താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് രംഗത്തെത്തുന്നത്.മുല്ലപ്പെരിയാർ ഡാമിന്‍റെ പാട്ടക്കരാറിന്‍റെ സാധുത പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് സുപ്രീം കോടതി. 1886ൽ തിരുവിതാംകൂർ സംസ്ഥാനവും ബ്രിട്ടീഷ് സർക്കാറും തമ്മിലുണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാറിന് പുതിയസാഹചര്യത്തിൽ നിലനിൽപ്പുണ്ടോയെന്നും സ്വാതന്ത്ര്യാനന്തരം അണക്കെട്ടിന്‍റെ ഉടമസ്ഥാവകാശം തമിഴ്നാടിനാണോ കേന്ദ്ര സർക്കാരിനാണോയെന്നും സുപ്രീം കോടതി പരിശോധിക്കും.