ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനത്തില്‍ പതിനാല് പേര്‍ മരിച്ചതായും പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകുയാണ്. നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മോശം കാലാവസ്ഥയെ തുടര്‍ന്ന് കേദാര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ഭീംഭാലിക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് കേദാര്‍നാഥ് പൂര്‍ണമായും ഒറ്റപ്പെട്ടു. കേദാര്‍നാഥില്‍ കുടുങ്ങിയ 250 തീര്‍ഥാടകരെ സുരക്ഷിതമായി എയര്‍ലിഫ്റ്റ് ചെയ്ത് സോനപ്രയാഗിലേക്ക് മാറ്റിയതായി എസ്ഡിആര്‍എഫ് അറിയിച്ചു. ഇതുവരെ 2,200-ലധികം യാത്രക്കാരെ ഒഴിപ്പിച്ചതായും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുമെന്നും എസ്ഡിആര്‍എഫ് അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളിലും മലകള്‍ക്ക് മുകളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. പ്രധാന പാതകളെല്ലാം കൂറ്റന്‍പാറകള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് രണ്ട് ഇന്ത്യന്‍ എയര്‍ വിമാനങ്ങളെ കേന്ദ്രം വിന്യസിച്ചതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.നിലവില്‍ രുദ്രപ്രയാഗ് ജില്ലയിലെ മന്ദാകിനി, അളകനന്ദ നദികള്‍ അപകടരേഖയ്ക്ക് അടുത്താണ് ഒഴുകുന്നത്. സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചാര്‍ധാം തീര്‍ഥാടകര്‍ക്ക് സര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. മോശം കാലാവസ്ഥ മാറുന്നതുവരെ ഭക്തര്‍ യാത്ര മാറ്റിവയ്ക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ കഴിയണമെന്നും അധികൃതര്‍ അറിയിച്ചു. ഉത്തരാഖണ്ഡിലെ മിക്ക ജില്ലകളിലും ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.