തിരുവനന്തപുരം: അടിമുടി സ്ത്രീവിരുദ്ധമാണ് മലയാള സിനിമയെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ലൈംഗിക ചൂഷണം സംബന്ധിച്ച് നടിമാരുടെ മൊഴി കേട്ട് ഞെട്ടിപ്പോയെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമ സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ജോലി സ്ഥലമാണ്. താമസ സ്ഥലത്തും, യാത്രക്കിടയിലും സെറ്റുകളിലും നടിമാർ ഉപദ്രവിക്കപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ടതല്ല, റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു കേസ് മാത്രമാണെന്നും ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.സിനിമയിൽ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് ആൺ താരങ്ങൾ തന്നെ മൊഴി നൽകിയതാതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലൈംഗിക ചിത്രങ്ങൾ അടങ്ങുന്ന തെളിവുകൾ കമ്മറ്റിക്ക് ലഭിച്ചിട്ടുണ്ട്. ലൈംഗിക അവയവങ്ങളുടെ ഫോട്ടോകൾ നടിമാർക്ക് അയച്ചു നൽകുന്നു. താല്പര്യത്തിന് വഴങ്ങാത്തവരെ റിപ്പീറ്റ് ഷോട്ടുകൾ എടുപ്പിച്ച് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനയിക്കേണ്ടി വന്നുവെന്ന് ഒരു നടി ഹേമ കമ്മീഷന് മുന്നിൽ മൊഴി നൽകി. ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകൾ എടുത്തു ബുദ്ധിമുട്ടിച്ചു. നിർബന്ധിച്ച് ചിത്രീകരിച്ച ഇന്റിമേറ്റ് സീൻ ഒഴിവാക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും നടി മൊഴി നൽകി. കരാറിലില്ലാത്ത തരത്തിൽ ശരീര പ്രദർശനവും ലിപ്‌ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്ന് മറ്റൊരു നടി കമ്മിഷന് മൊഴി നൽകി.
ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ നടിമാർക്ക് മേൽ സമ്മര്‍ദ്ദമുണ്ട്. നഗ്നതാപ്രദര്‍ശനവും ആവശ്യപ്പെടും. ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്‍മാരും ഉൾപ്പെടുന്നു. വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തും. എതിര്‍ക്കുന്നവര്‍ക്ക് സൈബര്‍ ആക്രമണമുള്‍പ്പെടെയുള്ള ഭീഷണികള്‍ നേരിടേണ്ടി വരുന്നു. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയാ സംഘമാണ്. മലയാള സിനിമയിൽ തമ്പ്രാൻ വാഴ്ചയാണ്. സ്ത്രീകളോട് പ്രാകൃത സമീപനമാണ് പുലർത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.