പാരിസ്: ഒളിംപിക്‌സില്‍ വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. അമേരിക്കയുടെ ഷാകെറിയും ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസറും ട്രാക്കില്‍ തീപാറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരുടെ കണക്കുകൂട്ടലുകളെല്ലാം കാറ്റില്‍പ്പറത്തിയാണ് സെന്റ് ലൂസിയയില്‍ നിന്ന് 23 കാരിയായ ജൂലിയന്‍ ആല്‍ഫ്രഡ്സ്വര്‍ണമണിഞ്ഞത്.
10.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ആല്‍ഫ്രഡ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത് നിലവിലെ ലോക ചാംപ്യന്‍ അമേരിക്കയുടെ ഷാകെറി റിച്ചഡ്‌സനെ (10.87 സെക്കന്‍ഡ്)യാണ്. ഒളിംപിക്‌സ് വനിതാ 100 മീറ്റര്‍ ഫൈനലില്‍ യുഎസിന്റെയും ജമൈക്കയുടെയും കുത്തകയാണ് കരീബിയന്‍ ദ്വീപിലെ കൊച്ചു രാജ്യമായ സെന്റ് ലൂസിയയില്‍ നിന്നെത്തിയ ജൂലിയന്‍ ആല്‍ഫ്രണ്ട് തകര്‍ത്തത്. മറ്റൊരു യുഎസ് താരം മെലിസ ജെഫേഴ്‌സനാണ് വെങ്കലം (10.92 സെക്കന്‍ഡ്). സെന്റ് ലൂസിയയുടെ ആദ്യ ഒളിംപിക്‌സ് മെഡല്‍ കൂടിയാണ് ജൂലിയന്‍ ആല്‍ഫ്രഡിലൂടെ ഇന്നലെ യാഥാര്‍ഥ്യമായത്.രണ്ട് തവണ ഒളിംപിക്‌സ് ചാംപ്യനായ ഷെല്ലി ആന്‍ ഫ്രേസര്‍ സെമിഫൈനല്‍ മത്സരത്തിനു മുമ്പേ പിന്‍മാറിയതോടെ എല്ലാവരുടെയും പ്രതീക്ഷ ഷാകെറിയിലേക്കു മാത്രമായിരുന്നു. എന്നാല്‍ ആദ്യ സെമിഫൈനലില്‍ ഷാകെറിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ജൂലിയന്‍ ആദ്യം തന്നെ ഞെട്ടിച്ചിരുന്നു. 10.84 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ആല്‍ഫ്രഡ് സെമിയിലെ ഏറ്റവും മികച്ച സമയത്തോടെയാണ് ഫൈനലിലേക്കു മുന്നറിയത്.
കരിയറിലെ അവസാന ഒളിംപിക്‌സിനെത്തിയ ജമൈക്കന്‍ സൂപ്പര്‍താരം ഷെല്ലി ആന്‍ ഫ്രേസറുടെ അപ്രതീക്ഷിത പിന്‍മാറ്റം ഏവരേയും ഞെട്ടിച്ചു. ഷെല്ലി മത്സരിക്കേണ്ട അഞ്ചാം നമ്പര്‍ ട്രാക്ക് സെമിപോരാട്ടത്തില്‍ ഒഴിഞ്ഞുകിടന്നു. മത്സരത്തിന് മുന്‍പ് വാംഅപ്പിനായി സ്വകാര്യ വാഹനത്തില്‍ ഗ്രൗണ്ടിലേക്ക് എത്തിയ ഷെല്ലിക്ക് സംഘാടകര്‍ സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് താരത്തിന്റെ പിന്‍മാറ്റമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.