തിരുവനന്തപുരം:അമിത വേഗത്തിലെത്തിയ കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 9 വർഷത്തിനു ശേഷം പ്രതി അറസ്റ്റിൽ. വർക്കല വെട്ടൂർ റാത്തിക്കൽ തൈത്തോട്ടം വീട്ടിൽ അസീമാണ് (45) അറസ്റ്റിലായത്. അസീം ഓടിച്ച കാറിടിച്ച് ഒരു ബൈക്ക് യാത്രികനും ഓട്ടോറിക്ഷ യാത്രക്കാരിയും മരിക്കുകയായിരുന്നു.
2015 ജനുവരി 12ന് ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. അസീം ഓടിച്ചിരുന്ന കാറ് ഒരു ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. കാറിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു.പിന്നീട് നാട്ടിലെത്തുകയും പാരിപ്പള്ളിക്ക് സമീപം താമസിച്ചുവരികയുമായിരുന്നു. ആറ്റിങ്ങൽ ഇൻസ്‌പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എസ് സജിത്ത്, എഎസ്ഐ രാധാകൃഷ്ണൻ, ഉണ്ണിരാജ്, സിപിഒ നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.