വിവാഹവാഗ്ദാനം നല്‍കി ഡോക്ടറെ കബളിപ്പിച്ചു; ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍

0

കോഴിക്കോട്: സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് അഞ്ച് ലക്ഷത്തിലധികം രൂപയും രണ്ടുപവന്‍ സ്വര്‍ണവും കൈക്കലാക്കിയ നാലംഗ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് നീലേശ്വരം പുത്തൂര്‍ സ്വദേശി ഇര്‍ഷാനയെ (34) ആണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം സ്വദേശിയായ ഡോക്ടറുമായി സൗഹൃദംസ്ഥാപിച്ച സംഘം ഇര്‍ഷാനയുമായി വിവാഹാലോചന നടത്തി. ഡോക്ടര്‍ നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയ ആളാണെന്ന് മനസ്സിലാക്കിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പരാതിക്കാരനെ കോഴിക്കോട്ട് വിളിച്ചുവരുത്തി നിക്കാഹ് നടത്തിയശേഷമാണ് തട്ടിപ്പ് നടത്തിയത്.വിരമിച്ചശേഷം കര്‍ണാടകത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന ഡോക്ടറെ ഫെബ്രുവരി എട്ടിന് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി വധുവിന്റെ സഹോദരനെന്ന് പരിചയപ്പെടുത്തിയ ആള്‍ ഇര്‍ഷാനയെ നിക്കാഹ് ചെയ്തുനല്‍കി. തുടര്‍ന്ന് വിവാഹശേഷം ഇരുവര്‍ക്കും ഒന്നിച്ച് താമസിക്കാന്‍ വീട് എടുക്കാനെന്നുപറഞ്ഞ് അഞ്ചുലക്ഷം രൂപ ഇര്‍ഷാനയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചു.

പണം പ്രതികളുടെ അക്കൗണ്ടില്‍ ക്രെഡിറ്റായ തൊട്ടടുത്ത ദിവസം പരാതിക്കാരന്‍ വീട് കാണണമെന്നുപറഞ്ഞതോടെ ഇതിനായി കാറെടുത്ത് ഇറങ്ങി. വെള്ളിയാഴ്ചയായതിനാല്‍ നിസ്‌കരിച്ചശേഷം വീട്ടിലേക്ക് പോകാമെന്നുപറഞ്ഞ് നടക്കാവിലെ പള്ളിയിലെത്തി പരാതിക്കാരനെ അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കാറില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍, ടാബ് തുടങ്ങിയവയുമായാണ് കടന്നത്. മൊബൈല്‍ നമ്പറുകള്‍ ഉപേക്ഷിച്ച ഇവര്‍ ഒളിവില്‍ പോയി. കാസര്‍കോട് വച്ചാണ് മുഖ്യപ്രതിയെ പിടികൂടിയത്. നടക്കാവ് സിഐ എന്‍ പ്രജീഷ്, എസ്ഐ രഘുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Leave a Reply