ഇത് നിങ്ങളുടെ തീറ്റയാണ്; അതുവച്ച് കാശ് ഉണ്ടാക്കിക്കൊള്ളൂ; മാധ്യമങ്ങളോട് ക്ഷോഭിച്ച് സുരേഷ് ഗോപി

0

തൃശൂര്‍: സഹതാരങ്ങള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ, അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇത് നിങ്ങളുടെ തീറ്റയാണെന്നാണ് താന്‍ മനസിലാക്കുന്നത്. സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ് മാധ്യമങ്ങള്‍. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ കോടതിയാണോയെന്നും സുരേഷ് ഗോപി ചോദിച്ചു. വിശുദ്ധ എവുപ്രസ്യമ്മയുടെ കബറിടത്തില്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

‘ഞാന്‍ അമ്മയില്‍ എപ്പോഴുണ്ട്. അമ്മയുടെ യോഗത്തില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ചോദിക്കുക. ഞാനൊരു വിശുദ്ധ കര്‍മത്തിനായാണ് ഇവിടെ എത്തിയത്. നിങ്ങള്‍ക്ക് ഇതിന്റെ വിശുദ്ധി അറിയില്ലേ?. ഞാന്‍ അവിടെ നിന്നാണ് ഇറങ്ങി വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എന്തെങ്കിലും അറിയാനുണ്ടോ?. ചോദിക്കൂ’- സുരേഷ് ഗോപി പറഞ്ഞു.

‘ഞാന്‍ എന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ എന്റെ ഓഫീസിനെ സംബന്ധിച്ച കാര്യം ചോദിക്കണം. എന്റെ വീട്ടില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ വീട്ടിലെ കാര്യം ചോദിക്കണം. അമ്മ അസോസിയേഷനില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യം ചോദിക്കണം. ഇത് നിങ്ങളുടെ തീറ്റയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. മീഡിയയ്ക്കുള്ള ഒരു തീറ്റയാണത്. നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കൊള്ളു, ഒരു കുഴപ്പവുമില്ല. പക്ഷെ ഒരു വലിയ സംവിധാനത്തിനെ തകിടം മറിക്കുകയാണ് നിങ്ങള്‍’- സുരേഷ് ഗോപി പറഞ്ഞു.’ഈ വിഷയങ്ങള്‍ എല്ലാം കോടതിയിലുണ്ടെങ്കില്‍ കോടതിക്ക് ബുദ്ധിയുണ്ട്, കോടതിക്ക് യുക്തിയുണ്ട്. കോടതി തീരുമാനമെടുക്കും. സര്‍ക്കാര്‍ അത് കോടതിയില്‍ കൊണ്ടുചെന്നാല്‍ അവര് എടുത്തോളും. എടുത്തോട്ടെ?. നിങ്ങള്‍ ഇത് ആടിനെ തമ്മില്‍ തല്ലിച്ചിട്ട് ചോര കുടി മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത്?. നിങ്ങള്‍ ജനങ്ങളോട് എന്താണ് പറയുന്നത്?. നിങ്ങള്‍ കോടതിയാണോ? അലല്ലോ?. കോടതി തീരുമാനിക്കും’- സുരേഷ് ഗോപി പറഞ്ഞു.

Leave a Reply