വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി; ബംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

0

ബംഗളൂരു: പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റിയയാള്‍ പീഡിപ്പിച്ചതായി പരാതി. നഗരത്തിലെ കോളജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടത്.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ബംഗളൂരു ഹൊസൂര്‍ മെയിന്‍ റോഡിന് സമീപമാണ് സംഭവം. കോറമംഗലയില്‍ നടന്ന പാര്‍ട്ടിക്കുശേഷം രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി. ബൈക്കില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്‌തെത്തിയ ആള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. അവശയായ 21കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പാര്‍ട്ടി കഴിഞ്ഞ് സുഹൃത്തിന്റെ കാറിലായിരുന്നു ആദ്യം പുറപ്പെട്ടത്. കാര്‍ ഫോറം മാളിന് സമീപമെത്തിയപ്പോള്‍ ഒരു ഓട്ടോറിക്ഷയില്‍ തട്ടി. ചുറ്റും കൂടിയ ഓട്ടോ ഡ്രൈവര്‍മാരോട് സുഹൃത്ത് സംസാരിക്കുന്നതിനിടെ യുവതി കാറില്‍ നിന്നിറങ്ങി നടന്നു. ഈസമയത്താണ് അതുവഴി വന്ന ബൈക്ക് യാത്രികന്‍ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയത്.

എന്നാല്‍ ഇയാള്‍ വഴിമാറ്റി ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പിന്നീട് യുവതി വിവരം സുഹൃത്തിനെ അറിയിച്ചു. സുഹൃത്ത് വിവരം കൈമാറിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അക്രമിയെ പിടികൂടാന്‍ അഞ്ച് സംഘത്തെ നിയോഗിച്ചതായി സിറ്റി പൊലീസ് അഡീഷണല്‍ കമ്മീഷണര്‍ രമണ്‍ ഗുപ്ത അറിയിച്ചു.

Leave a Reply