ചെന്നൈ: തമിഴ്‌നാട്ടില്‍ ദലിത് സമുദായക്കാരനായ മകന്‍ മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന് അമ്മയ്ക്ക് ക്രൂരപീഡനം. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലെ മോറാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. വീട്ടുകാരുടെ മുന്നില്‍ വെച്ച് യുവാവിന്റെ അമ്മയെ വിവസ്ത്രയാക്കിയ ശേഷം തട്ടിക്കൊണ്ടുപോയി. 54കാരിയെ ബലമായി മദ്യം കുടിപ്പിച്ച ശേഷം രാത്രി മുഴുവന്‍ കാട്ടില്‍ വെച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.യുവാവിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്നും ആക്ഷേപമുണ്ട്. 24 കാരനായ ദലിത് യുവാവും 23 കാരിയായ ഗൗണ്ടര്‍ (ഒബിസി) സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമാണ് പ്രേമബദ്ധരായത്. ചൊവ്വാഴ്ചയാണ് ഇവര്‍ വിവാഹം കഴിച്ചത്. ബംഗലൂരുവില്‍ പഠനത്തിന് ശേഷം ജോലി ചെയ്യുകയാണ് യുവാവും യുവതിയും. വിവാഹ വാര്‍ത്ത അറിഞ്ഞതോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി വീട്ടുകാര്‍ പൊലീസില്‍ നല്‍കി.
ഇതില്‍ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് യുവാവിന്റെ വീട്ടുകാര്‍ക്ക് നേരെ അക്രമമുണ്ടാകുന്നത്. യുവതിയും യുവാവും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്യ യുവാവ് കാര്‍ഷിക ശാസ്ത്രത്തില്‍ ബിരുദധാരിയാണ്. യുവാവിനെ സംശയിച്ചെങ്കിലും ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് കുപിതരായ യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെ അമ്മയ്ക്ക് നേരെ അക്രമം അഴിച്ചു വിട്ടതെന്ന് പൊലീസ് പറയുന്നു.
ബുധനാഴ്ച രാവിലെ യുവതിയുടെ വീട്ടുകാര്‍ അയല്‍ ഗ്രാമത്തിലുള്ള യുവാവിന്റെ വീട്ടിലെത്തി. തങ്ങളുടെ മകള്‍ അവരുടെ മകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചതായി അറിയിച്ചു. വിവരം അറിഞ്ഞ് ഞെട്ടിപ്പോയ അമ്മ മകനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് യുവാവിന്റെ അമ്മയ്ക്കു നേരെ അക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. ഒടുവില്‍ പൊലീസ് എത്തിയാണ് യുവാവിന്റെ അമ്മയെ രക്ഷപ്പെടുത്തിയത്.