സ്യൂട്ട്കേസ് ട്രെയിനിൽ കയറ്റാൻ സഹായിക്കാനെത്തിയ പൊലീസ് കണ്ടത് രക്തം: സുഹൃത്തിനെ കൊലപ്പെടുത്തിയ രണ്ട് ഭിന്നശേഷിക്കാർ അറസ്റ്റിൽ

0

മുംബൈ: സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭിന്നശേഷിക്കാരായ യുവാക്കൾ അറസ്റ്റിൽ. ശിവജിത് സുരേന്ദ്ര സിങ്, ജയ് ചൗഡ എന്നിവരാണു പിടിയിലായത്. മുംബൈ സാന്താക്രൂസ് സ്വദേശിയായ അർഷാദ് അലി ഷെയ്ഖാണ് (30) കൊല്ലപ്പെട്ടത്. മൂവരും കേൾവി, സംസാര ശേഷിയില്ലാത്തവരാണ്.

മൃതദേഹം പെട്ടിയിലാക്കി ട്രെയിനിൽ കയറ്റി ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കാനായാണ് ദാദർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഭാരമുള്ള സ്യൂട്ട്കേസ് ട്രെയിനില് കയറ്റാൻ കഷ്ടപ്പെടുന്നത് കണ്ട് റെയിൽ വേ പൊലീസായ മാധവ് കേന്ദ്രെ ഇവരെ സഹായിക്കാനെത്തി. പെട്ടിയിൽ നിന്ന് രക്തം ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവരെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. ഇതോടെ ഒരാൾ കടന്നു കളയുകയായിരുന്നു. പെട്ടി തുറന്നപ്പോഴാണ് പോളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ മൃ‍തദേഹം കണ്ടെത്തി. ഇതോടെയാണ് ജയ് ചൗഡയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവസ്ഥലത്തു നിന്ന് കടന്നുകളഞ്ഞ ശിവജിത് സുരേന്ദ്ര സിങ്ങിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.ഞായറാഴ്ചയാണ് കൊലപാതകം നടത്തിയത്. ഭിന്നശേഷിക്കാരുടെ യോഗത്തിനിടെയാണു ഇവർ സൗഹൃദത്തിലാവുന്നത്. പ്രതികളിൽ ഒരാളുടെ കാമുകിയുമായുള്ള അർഷാദ് അലിയുടെ ബന്ധമാണു കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് പറയുന്നത്. ദക്ഷിണ മുംബൈയിലെ വീട്ടിൽ അർഷാദിനെ പ്രതികൾ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് മൂവരും ചേർന്ന് മദ്യപിക്കുകയും തർക്കത്തിനിടെ ചുറ്റിക കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുംബൈയ്ക്ക് പുറത്ത് ഏതെങ്കിലും പുഴയിലോ കുളത്തിലോ ശരീരം ഉപേക്ഷിക്കാനായിരുന്നു ഇവരുടെ ശ്രമം. ആംഗ്യഭാഷ വിദഗ്ധരെ നിയോഗിച്ചാണ് പ്രതികളെ ചോദ്യംചെയ്യുന്നത്.

Leave a Reply