‘വീടിരുന്ന ഇടം പാറക്കല്ലുകളും മണ്‍കൂനകളും’; ഉരുളെടുത്ത ഭൂമിയില്‍ അവര്‍ വീണ്ടുമെത്തി, വയനാട്ടില്‍ ജനകീയ തിരച്ചില്‍

0

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയായ വയനാട്ടില്‍ പതിനൊന്നാം ദിനമായ ഇന്നും തിരച്ചില്‍ തുടരുന്നു. പ്രദേശവാസികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനകീയ തിരച്ചിലാണ് നടത്തുന്നത്. കഡാവര്‍ നായയെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍. ഒരു ദുരിതാശ്വാസ ക്യാംപില്‍ ഉള്ളവരും ദുരന്തഭൂമിയില്‍തിരച്ചിൽ സംഘത്തെ സഹായിക്കാനെത്തി.സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കം 1500 ഓളം പേരാണ് തിരച്ചിലിനായി എത്തിയത്. ക്യാംപുകളില്‍ കഴിയുന്ന 190 പേര്‍ തിരച്ചിലിന് ഭാഗമാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് പേരു നല്‍കിയിരുന്നു. എന്നാല്‍ 30 പേര്‍ മാത്രമാണ് തുടക്കത്തില്‍ എത്തിയത്. അടുത്ത ബന്ധുക്കളെ തിരച്ചിലിനായി കൊണ്ടുപോകേണ്ടതില്ല എന്ന തീരുമാനത്തിന്റെ കൂടി ഭാഗമായിട്ടാണ് ആളുകളെ കുറച്ചത്.

ആറു സോണായിട്ടാണ് തിരച്ചില്‍ നടത്തുന്നത്. മണ്ണുമാന്തി യന്ത്രങ്ങള്‍ അടക്കം ഉപയോഗിച്ചാണ് തിരച്ചില്‍. ക്യാംപില്‍ നിന്നുള്ളവരെ വ്യാപക തിരച്ചിലിനായി ഉപയോഗിക്കുന്നില്ല. പകരം അവരെ സ്ഥലം ചൂണ്ടിക്കാണിക്കാനും വിവരങ്ങള്‍ ശേഖരിക്കാനുമായിട്ടാണ് എത്തിച്ചിട്ടുള്ളത്. അവര്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ സാന്നിധ്യത്തിലാണ് തിരച്ചില്‍ നടത്തുന്നത്.

പുഞ്ചിരിമട്ടത്ത് തിരിച്ചിലിനിടെ, പ്രവാസിയായ അബ്ദുള്‍ ലത്തീഫ് സ്ഥലത്തെത്തി. ലത്തീഫിന്റെയും മകളുടെയും ബന്ധുക്കളുടെയെല്ലാം അടുത്തടുത്തായുള്ള വീടുകളെല്ലാം ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. അദ്ദേഹത്തിന്റെ വീടിരുന്ന ഭാഗത്ത് ഇന്ന് കുറേ പാറക്കല്ലുകള്‍ മാത്രമാണ്. ഭാര്യയുടേയും ബന്ധുവിന്റെയും മൃതദേഹം മാത്രമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ ആറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും അബ്ദുള്‍ ലത്തീഫ് പറഞ്ഞു.

ജനകീയ തിരച്ചില്‍ ഇന്ന് 11 മണിക്ക് അവസാനിപ്പിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് സുരക്ഷ ഒരുക്കേണ്ടതിനാലാണ് ഇന്നത്തെ തിരച്ചില്‍ 11 മണിക്ക് അവസാനിപ്പിക്കുന്നത്. 11 മണിക്ക് ശേഷം എസ്പിജി സംഘം ദുരന്തഭൂമിയിലെ സുരക്ഷ ഏറ്റെടുക്കും. മുണ്ടക്കൈയിലെ ജനകീയ തിരച്ചില്‍ ഞായറാഴ്ചയും തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാകും തിരച്ചില്‍ നടത്തുക. ചാലിയാറില്‍ വ്യോമമാര്‍ഗം ഇന്നും തിരച്ചില്‍ നടത്തും. കേന്ദ്രസംഘം ഇന്ന് ദുരന്തഭൂമി സന്ദര്‍ശിക്കുന്നുണ്ട്.

Leave a Reply