വനിത ഡോക്ടറുടെ കൊലപാതകം; ഐഎംഎയുടെ രാജ്യവ്യാപക സമരം ഇന്ന്

0

തിരുവനന്തപുരം: കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഐഎംഎയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ സമരം. രാവിലെ ആറു മുതല്‍ 24 മണിക്കൂര്‍ രാജ്യവ്യാപക സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്കരിച്ചാണ് പ്രതിഷേധം.

മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ഒപി സേവനവും അടിയന്തര പ്രാധാന്യമില്ലാത്ത സര്‍ജറികളും സ്തംഭിക്കും. ആര്‍സിസിയില്‍ ഒപി സേവനമുണ്ടാകില്ല. ശനിയാഴ്ച രാവിലെ 6 മുതല്‍ ഞായറാഴ്ച രാവിലെ 6 വരെയായിരിക്കും പണിമുടക്ക്.

സംസ്ഥാനത്ത് മെഡിക്കൽ പിജി അസോസിയേഷന്‍റെ നേതൃത്വത്തിലും സമരം നടക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിൽ ഒപി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിര്‍ത്തും. അത്യാഹിത വിഭാഗങ്ങള്‍സാധാരണപോലെ പ്രവര്‍ത്തിക്കും. വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂര്‍ണ്ണ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് സേവനം തുടരും.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിലെ പിജി വിഭാഗം വനിത ഡോക്ടർ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്ന യുവതിയെ സിവിക് വാളണ്ടിയറായിരുന്ന സ‍‍ഞ്ജയ് റാം ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിൽ കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചു.

Leave a Reply