കൊല്ലം : ദുരന്തത്തിൽ അമർന്ന വയനാടിന്റെ കണ്ണീരൊപ്പാൻ നാടാകെ ഒന്നിക്കുകയാണ്. സിനിമാ താരങ്ങൾ മുതൽ വ്യവസായ പ്രമുഖന്മാരും ഉദ്യോഗസ്ഥരുമടക്കം വയനാടിന് സഹായവുമായി രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ, ദുരന്തത്തിൽപ്പെട്ടവരുടെ കണ്ണീരൊപ്പാൻ സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് കൊല്ലം പള്ളിത്തോട്ടം സ്വദേശിനിയായ വയോധിക.
ചായക്കടയിൽ നിന്നും ലഭിച്ച വരുമാനവും പെൻഷൻ തുകയും അടക്കം 10,000 രൂപയാണ് സുബൈദ ഉമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. 2018-ലെ വെള്ളപൊക്കത്തില്‍ തന്‍റെ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തയാളാണ് സുബൈദ ഉമ്മ. കലക്‌ടറേറ്റിലെത്തി ജില്ലാ കലക്ടർക്ക് സുബൈദ ഉമ്മ നേരിട്ട് തുക കൈമാറുകയായിരുന്നു. ചവറ എംഎല്‍എ സുജിത്ത് വിജയന്‍പിള്ളയാണ് വിവരം ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.