കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നു സംവിധായകന്‍ രഞ്ജിത്ത്. സത്യമെന്താണെന്നറിയാതെയാണു ചിലര്‍ ആക്രമണം നടത്തുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
‘ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഏറ്റിട്ടുള്ള വലിയ ഡാമേജ് എളുപ്പം മാറുന്നതല്ല. എങ്കിലും എനിക്ക് അത് തെളിയിച്ചേ പറ്റുളളു. അത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം. അതിലെ ഒരു ഭാഗം നുണയാണെന്നത്. അവര്‍ തന്നെ പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് നടത്തിയത്. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. നിയമനടപടികളുമായി മുന്നോട്ടുപോകും. ഇതിന്റെ പിന്നിലെ സത്യം എന്താണ് എന്ന് ലോകം അറിഞ്ഞേ പറ്റുകയുള്ളു’- രഞ്ജിത്ത് പറഞ്ഞു.
‘കേരള സര്‍ക്കാരിനെതിരെ സിപിഎം എന്ന പാര്‍ട്ടിക്കെതിരെ വലതുപക്ഷരാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരും അവര്‍ക്ക് മുന്നില്‍ പോര്‍മുഖത്ത് എന്ന പോലെ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകകരും സംഘടിതമായി സര്‍ക്കാരിനെ ആക്രമിക്കുന്നു. പലവിഷയങ്ങളില്‍ ഈ ചെളിവാരിയെറിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഒന്ന് എന്റെ പേരിലാണ് എന്നത് ഏറെ അപമാനകരമാണ്. സത്യമെന്താണെന്ന് അറിയാതെയാണ് വലിയ ശബ്ദത്തില്‍ ഇവിടുത്തെ മാധ്യമലോകവും മറ്റുപലരും നടത്തുന്നത്. ഞാനെന്ന വ്യക്തി കാരണം സര്‍ക്കാര്‍ പ്രതിച്ഛായയ്ക്കു കളങ്കമേല്‍ക്കുന്ന പ്രവൃത്തി എന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക സ്ഥാനത്ത് തുടരുന്നത് ശരിയല്ല. നിയമനടപടികള്‍ പൂര്‍ത്തിയാകുന്ന കാലം വരും. സത്യം പുറത്തുവരും. അത് അത്രവിദൂരമല്ല. ‘രഞ്ജിത്ത് പറഞ്ഞു.’സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നത് എന്റെ ബോധ്യമാണ്. അതുകൊണ്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഞാന്‍ രാജിവയ്ക്കകുയാണ്. ഇത് സ്വീകരിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയോടും ആദരണീയനായ മുഖ്യമന്ത്രിയോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു.മാധ്യമപ്രവര്‍ത്തകരോട് എനിക്ക് ഒരുവാക്ക് പറയാനുണ്ട്. എന്റെ വീടിന്റെ സ്വകാര്യതയിലേക്ക് ഇരച്ചുകയറിയത് അനുവാദമില്ലാതെയാണ്. തനിക്ക് ഒരു മാധ്യമകാമറയേയും അഭിമുഖീകരിക്കേണ്ട കാര്യമില്ലെന്നും രഞ്ജിത്ത് പറഞ്ഞു.