കര്‍ണാട സര്‍ക്കാര്‍ നൂറ് വീടുകള്‍ നിര്‍മിച്ച് നല്‍കും; ശോഭാ ഗ്രൂപ്പ് 50, സഹായത്തിന്റെ പട്ടിക ഇങ്ങനെ

0

തിരുവനന്തപുരം: ദുരന്തബാധിത ചൂരല്‍മലയില്‍ നഷ്ടമായ വീടുകള്‍ക്ക് പകരമായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ധാരാളം പേര്‍ മുന്നോട്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചിട്ടുണ്ട്. വിഡി സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചു.

ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍എസ്എസ്) ദുരിത ബാധിത കുടുംബങ്ങള്‍ക്കായി 150 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയോ അല്ലെങ്കില്‍ അതിന്റെ തുക സര്‍ക്കാര്‍ നല്‍കുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മിച്ചു നല്‍കും.ഫ്രൂട്ട്‌സ് വാലി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ദുരിത ബാധിതര്‍ക്ക് വീടുകള്‍ വെച്ചുനല്‍കാന്‍ സന്നദ്ധത അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തീരുന്ന മുറക്ക് മതിയായ ഭൂമി ലഭ്യമാകുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.

കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി. ലിന്‍ഡെ സൗത്ത് ഏഷ്യ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.കോഴിക്കോട് കാപ്പാട് നിന്നുമുള്ള യൂസുഫ് പുരയില്‍ തന്റെ അഞ്ച് സെന്റ് സ്ഥലം ദുരിതബാധിതര്‍ക്ക് വീട് വെച്ച് നല്‍കാനായി വിട്ടുനല്കാമെന്ന് അറിയിച്ചിരിക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രവാസ ലോകത്ത് നിന്നും ചലചിത്ര മേഖലയില്‍ നിന്നും ഉണ്ടാകുന്ന സഹായ സന്നദ്ധത പ്രത്യേകം എടുത്ത് പറയേണ്ടതാണ്. പ്രമുഖ ചലചിത്രതാരങ്ങള്‍ നല്‍കിയ സഹായം ഇന്നലെ തന്നെ നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനു പുറമെ ചലചിത്ര താരം നയന്‍താര 20 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. സിനിമാ നടന്‍ അലന്‍സിയര്‍ 50,000 രൂപയും നല്‍കിയിട്ടുണ്ട്. കിംസ് ഹോസ്പിറ്റല്‍ ഒരു കോടി രൂപ നല്‍കി. പോത്തീസ് റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ് – 50 ലക്ഷം രൂപ.

ലൈബ്രറി കൗണ്‍സിലിന്റെ ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സംസ്ഥാന, ജില്ല, താലൂക്ക് കൗണ്‍സില്‍ ഭാരവാഹികളുടെ ഓണറേറിയവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ലൈബ്രേറിയന്‍മാരുടെ അലവന്‍സില്‍ നിന്നുള്ള വിഹിതവും ഗ്രന്ഥശാലകളുടെ ഗ്രാന്റില്‍ നിന്നുള്ള വിഹിതവും ചേര്‍ത്തുള്ള തുകയായ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനും സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ ഇന്ന് സൈനിക വേഷത്തില്‍ ദുരന്തമേഖലയില്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു.മാധ്യമങ്ങള്‍ ഇതിനോടെല്ലാം ഏറ്റവും പോസിറ്റിവായി സഹകരിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ നേതൃസ്ഥാനത്തു തന്നെ മാധ്യമസാന്നിധ്യം തുടര്‍ന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply