കൊച്ചി: പഞ്ഞ മാസത്തെ പുറത്താക്കി പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നിൻ ചിങ്ങം കൂടി വന്നെത്തി. ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്. ചിങ്ങം ഒന്ന് എന്ന് കേൾക്കുമ്പോഴേ കർഷക ദിനം എന്ന് തന്നെയാകും ഓരോ മലയാളിയുടെയും മനസിലേക്ക് ആദ്യമെത്തുക.
പുതുവര്‍ഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകളുമുണ്ട്. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്. ചിങ്ങ മാസം പിറക്കുന്നതോടെ പ്രകൃതിയിലാകമാനം മാറ്റം വരുമെന്നാണ് പഴമക്കാർ പറയാറ്.ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് തിരുവോണം. ക്ഷേത്രങ്ങളിലും ഇന്ന് പ്രത്യേക പൂജകള്‍ നടക്കും. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേൽക്കുകയാണ് കര്‍ഷകര്‍.