മലപ്പുറം: നടന്‍ ബാബുരാജിനെതിരായ പരാതി തന്നോട് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതി പങ്കുവച്ചെന്ന് മലപ്പുറം എസ്പി ശശിധരന്‍. താന്‍ കൊച്ചിയല്‍ ഡിസിപി ആയിരിക്കേയാണ് നടി സംസാരിച്ചത്. രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും ശശിധരന്‍ പറഞ്ഞു.
നേരത്തെ ബാബുരാജില്‍ നിന്നുണ്ടായ ദുരനുഭവം മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നതിനിടെയാണ് തന്റെ അനുഭങ്ങള്‍ നിലവിലെ മലപ്പുറം എസ്പി ശശിധരനുമായി പങ്കുവെച്ചകാര്യം പറഞ്ഞത്. അദ്ദേഹം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ മൂലം സാധിച്ചില്ലെന്നും നടി പറഞ്ഞു. സിനിമയിലെത്തുന്ന പലരും സെക്സ് റാക്കറ്റിന്റെ പിടിയിലാകുന്നുണ്ട്. ഈ മേഖലയില്‍ ലഹരിയുടെ ഉപയോഗവും വ്യാപകമായുണ്ട്. ഇക്കാര്യങ്ങള്‍ ഏത് അന്വേഷണ ഏജന്‍സിക്കു മുമ്പിലും മൊഴി നല്‍കാനും തയ്യാറാണെന്നും നടി പറഞ്ഞു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആരോപണം. ‘ഒരു കാലത്ത് താന്‍ ബാബു രാജിനെ സഹോദരനെ പോലെ ഞാന്‍ വിശ്വസിച്ചിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തില്‍ നിന്നാണ് സ്വപ്നങ്ങളുമായി സിനിമയിലേക്ക് വരുന്നത്. നടന്‍ ബാബുരാജ് സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ചു. വീട്ടില്‍ സിനിമയുമായി ബന്ധപ്പെട്ട് മറ്റ് ആളുകള്‍ ഉണ്ട്. അവരോട് സംസാരിച്ചതിന് ശേഷം ഉചിതമായ റോള്‍ തിരഞ്ഞെടുക്കാം എന്നായിരുന്നു ബാബുരാജ് പറഞ്ഞത്.വീട്ടിലെത്തിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല, ചോദിച്ചപ്പോള്‍ അല്‍പ്പസമയത്തിനകം എല്ലാവരും എത്തുമെന്നാണ് ബാബുരാജ് പറഞ്ഞത്. തനിക്ക് വിശ്രമിക്കാനായി വീടിന്റെ താഴത്തെ നിലയില്‍ ഒരു റൂം തന്നു. ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോള്‍ താന്‍ റൂം തുറന്നു.ഈ സമയത്ത് ബാബുരാജ് റൂമിലേക്ക് കയറിവന്നു. മോശമായി സംസാരിക്കുകയും കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. പിറ്റേ ദിവസം മാത്രമാണ് തനിക്ക് ആ വീട്ടില്‍ നിന്ന് പോരാന്‍ കഴിഞ്ഞത്. തനിക്ക് അറിയാവുന്ന മറ്റു പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍ നിന്ന് സമാന അനുഭവം ഉണ്ടായി. വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്നതിനാല്‍ അവര്‍ക്ക് ഇപ്പോള്‍ തുറന്നു സംസാരിക്കാനാകില്ല’ – ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തി.
പരസ്യചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്ത് വിഎ ശ്രീകുമാറും കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു.