ടെസ്റ്റ് തോറ്റു, ടി20 പിടിച്ചു; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി പരമ്പര ഉറപ്പിച്ച് വിന്‍ഡീസ്

0

ട്രിനിഡാഡ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. ടെസ്റ്റ് പരമ്പര കൈവിട്ട വിന്‍ഡീസിനു ടി20 പരമ്പര ആശ്വാസമായി. തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിനു വിന്‍ഡീസ് മുന്നിലെത്തി.

രണ്ടാം പോരാട്ടം 30 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 19.4 ഓവറില്‍ 149 റണ്‍സിനു എല്ലാവരും പുറത്തായി.

നാടകീയ വിജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്. ജയത്തിലേക്ക് നീങ്ങുകയായിരുന്ന പ്രോട്ടീസ് 5 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞത്. ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ വെറും 15 റണ്‍സില്‍ വീണു.

4 ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റൊമാരിയോ ഷെഫേര്‍ഡിന്റെ ബൗളിങാണ് കളി പ്രോട്ടീസിന്റെ കൈയില്‍ നിന്നു തട്ടിയത്. ഷമര്‍ ജോസഫും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അകീല്‍ ഹുസൈന്‍ രണ്ട് വിക്കറ്റെടുത്തു. മാത്യു ഫോഡ്, ഗുഡാകേഷ് മോട്ടി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.ദക്ഷിണാഫ്രിക്കന്‍ നിരയില്‍ റീസ ഹെന്റിക്‌സാണ് ടോപ് സ്‌കോറര്‍. താരം 18 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും സഹിതം 44 റണ്‍സെടുത്തു. ട്രിസ്റ്റന്‍ സറ്റബ്‌സ് (28), റ്യാന്‍ റിക്കെല്‍ട്ടന്‍ (20) എന്നിവരും തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി ഓപ്പര്‍ ഷായ് ഹോപ്പ് 22 പന്തില്‍ 41 റണ്‍സെടുത്ത് ടോപ് സ്‌കോററായി. താരം രണ്ട് ഫോറും നാല് സിക്‌സും സഹിതമാണ് താരം തിളങ്ങിയത്. ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ 22 പന്തില്‍ 35 റണ്‍സെടുത്തു. മൂന്ന് സിക്‌സും ഒരു ഫോറും സഹിതമാണ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്.

ഷെര്‍ഫെയ്ന്‍ റുഥര്‍ഫോഡ് 18 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 29 റണ്‍സെടുത്തു. അലിക്ക് അതനാസ് 21 പന്തില്‍ 28 റണ്‍സെടുത്തു. താരം രണ്ട് വീതം സിക്‌സും ഫോറും തൂക്കി.

ദക്ഷിണാഫ്രിക്കക്കായി ലിസാഡ് വില്ല്യംസ് 3 വിക്കറ്റുകള്‍ സ്വന്തമാക്കി. പാട്രിക്ക് ക്രുഗര്‍ രണ്ട് വിക്കറ്റെടുത്തു.

Leave a Reply