ഉരുള്‍ വിഴുങ്ങി വിദ്യാലയം; സാമൂഹിക മാധ്യമങ്ങളിലെ ‘കുട്ടിത്താരങ്ങള്‍’ ഇനി ഓര്‍മ മാത്രം; ദുരന്തത്തിന്റെ നേര്‍കാഴ്ച

0

കൊച്ചി: ഒരുവര്‍ഷം മുന്‍പ് വയനാട്ടിലെ മുണ്ടക്കൈയിലുള്ള സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ മൈതാനത്ത് കുട്ടികള്‍ സൈക്കിള്‍ ചവിട്ടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഈ സ്‌കൂളിലെ അധ്യാപികയാണ് കുട്ടികള്‍ക്ക് ചവിട്ടാനായി സൈക്കിള്‍ നല്‍കിയത്. ടീച്ചര്‍മാരുടെ ഗ്രൂപ്പിലിട്ട ഈ വിഡിയോ സാമുഹികമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇന്ന് കുട്ടികളുടെ കളിചിരികള്‍ മുഴങ്ങിയ ആ സ്ഥലം ദുരന്തത്തിന്റെ നേര്‍കാഴ്ചയാണ്.

കഴിഞ്ഞ തിങ്കളാഴ്ചവരെ കളിയുമായി ചിരിയും പഠനവുമായി കുട്ടികള്‍ ഉല്ലസിച്ച സ്ഥലത്തിന്റെ ഭൂരിഭാഗവും ചെളി മൂടിയിരിക്കുന്നു. ഈ സ്‌കൂളില്‍ പഠിച്ച ഒന്‍പതുകുട്ടികളെയാണ് ഉരുള്‍ എടുത്തത്. കുട്ടികളില്‍ മൂന്ന് പേര്‍ എല്‍പി പാസായി ചൂരല്‍മല സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ ചേര്‍ന്നവരാണ് തൊണ്ടയിടറി ടീച്ചര്‍ ശാലിനി തങ്കച്ചന്‍ പറയുന്നു.

‘ഒരു ദിവസം ഫിസിക്കല്‍ എജ്യുക്കേഷന്‍ സമയത്ത് മൈതാനത്തിന് സമീപത്ത് ഒരു സൈക്കിള്‍ കണ്ടു. കുട്ടികള്‍ അത് താത്പര്യത്തോടെ നോക്കിനില്‍ക്കുന്നത് കണ്ടപ്പോള്‍ സൈക്കിള്‍ ചവിട്ടാന്‍ താത്പര്യമുണ്ടോയെന്ന് അവരോട് ചോദിച്ചു. അതില്‍ ഒരുകുട്ടി ഭിന്നശേഷിക്കാരനായതിനാല്‍ ഞാന്‍ അവനെ സൈക്കിള്‍ ചവിട്ടാന്‍ സഹായിച്ചു. ഇതോടെ മറ്റ് കുട്ടികളും സൈക്കിള്‍ ചവിട്ടാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു’ -ടീച്ചര്‍ പറയുന്നു.

ശാലിനി തങ്കച്ചന്‍ ഇപ്പോള്‍ മീനങ്ങാടി എല്‍പി സ്‌കൂളിലെ അധ്യാപികയാണ്. ‘ഇനി ആ വീഡിയോ കാണാന്‍ എനിക്ക് കഴിയില്ല. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട മൂന്ന് കുട്ടികള്‍ ഇപ്പോള്‍ ഇല്ല. അവരുടെ കുടുംബവും മരിച്ചു. കൂടാതെ, അഞ്ചാം ക്ലാസിലെത്തിയ ആറ് വിദ്യാര്‍ഥികളും ഉരുള്‍ വിഴുങ്ങിയെന്ന് തൊണ്ടയിടറി ശാലിനി പറഞ്ഞു.

കഴിഞ്ഞ മാസം ഈ സ്‌കൂളിന്റെ രജതജൂബിലി ആഘോഷിച്ചിരുന്നു. ഒരു ഗ്രാമം മുഴുവന്‍ ഒത്തുചേര്‍ന്ന് ഉത്സവാന്തരീക്ഷത്തോടെയാണ് 25ാം വാര്‍ഷികം ആഘോഷിച്ചതെന്ന് ശാലിനി പറയുന്നു. 72 കുട്ടികളുമായാണ് എല്‍പി സ്‌കൂള്‍ ആരംഭിച്ചത്. എന്നാല്‍ പുത്തുമല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 52ഓളം കുടുംബങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചു. ഇതേ തുടര്‍ന്ന് സ്‌കൂളില്‍ കുട്ടികള്‍ കുറയാന്‍ കാരണമായെന്നും ടീച്ചര്‍ പറയുന്നു. ‘ഞാന്‍ കോട്ടയം സ്വദേശിയാണ്. എന്നാല്‍ പ്രദേശത്തെയും ആളുകളുടെയും വാത്സല്യവും സ്‌നേഹവും തിരിച്ചറിഞ്ഞതോടെ ഇവിടെ തന്നെ പോസ്റ്റിങിന് അപേക്ഷ നല്‍കിയിരുന്നതായും ടീച്ചര്‍ പറയുന്നു.മുണ്ടക്കൈ എല്‍പി സ്‌കൂളില്‍ രണ്ട് വര്‍ഷം ജോലി ചെയ്തു. അവിടെയുള്ള കുട്ടികള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടവരും പഠനത്തില്‍ മുന്നില്‍ നില്‍ക്കുന്നവരുമായിരുന്നെന്ന് ടീച്ചര്‍ പറഞ്ഞു.വെള്ളാര്‍മലയിലെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ ഉണ്ണികൃഷ്ണനും പറയുന്നത് ഇത് തന്നെയാണ്. 2006ലാണ് മലയാളം അധ്യാപകനായി ആലപ്പുഴ സ്വദേശിയായ ഞാന്‍ ഇവിടെയെത്തിയത്. അന്നാട്ടുകാരുടെ സ്‌നേഹത്തിന് കീഴടങ്ങി സ്ഥലംമാറ്റംപോലും ചോദിക്കാതെ പതിനെട്ടുവര്‍ഷമായി അവിടെ തുടരുന്നു. രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഗാനത്തിന്റെ വീഡിയോ വൈറലായതോടെ ടീച്ചറും സ്‌കൂളും സാമൂഹിക മാധ്യമങ്ങളില്‍ താരമായി മാറിയെന്നും മാഷ് പറയുന്നു. ഇപ്പോള്‍ എല്ലാം ഓര്‍മ മാത്രമായിരിക്കുന്നു. ഒന്‍പത് വിദ്യാര്‍ഥികളെയാണ് നഷ്ടമായത്. ചേതനയറ്റ കുരുന്നുമുഖങ്ങള്‍ കണ്ടുനില്‍ക്കാനാകുന്നില്ലെന്ന് അദ്ദേഹം വിങ്ങിപ്പൊട്ടി.

Leave a Reply