മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി.
നിലവില്‍ 81,000ന് മുകളിലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവലില്‍ താഴെയാണ്. ഇന്നലെയാണ് നിഫ്റ്റി ആദ്യമായി 25000 പോയിന്റ് മറികടന്നത്.ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുക്കി, ഒഎന്‍ജിസി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്‌സി ബാങ്ക്, അപ്പോളോ ഹോസ്പിറ്റല്‍, എച്ച്‌യുഎല്‍ എന്നിവയാണ് നേട്ടം ഉണ്ടാക്കിയത്.നിക്ഷേപകരുടെ ആസ്തിയില്‍ നിന്ന് 4.26 ലക്ഷം കോടി രൂപയാണ് ഒഴുകിപ്പോയത്. ആഗോള വിപണിയില്‍ ഉണ്ടായ ഇടിവ് ആണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്.