പാക് യുവതിയെ വിവാഹം കഴിക്കണം; ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ യുവാവ് രാജസ്ഥാനില്‍ അറസ്റ്റില്‍

0

ജയ്പൂര്‍:കുവൈത്തില്‍ നിന്ന് ഫോണിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവ് പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ 35കാരനെ ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാനി യുവതിയെ വിവാഹം ചെയ്യുന്നതിന് മുന്‍പ് തന്നെ മുത്തലാഖ് ചൊല്ലിയതായി ആരോപിച്ച് 29കാരി നല്‍കിയ പരാതിയിലാണ് നടപടി.

29കാരിയായ ഫരീദാ ബാനു നല്‍കിയ പരാതിയില്‍ റഹ്മാന്‍ ആണ് അറസ്റ്റിലായത്. 2011ലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും രണ്ടുമക്കളുണ്ട്. കുടുംബം പോറ്റുന്നതിനായി കുവൈത്തിലേക്ക് പോയ റഹ്മാന്‍ സാമൂഹിക മാധ്യമം വഴിയാണ് പാകിസ്ഥാനി യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗദി അറേബ്യയില്‍ വച്ചാണ് ഇരുവരും വിവാഹം ചെയ്തത്.വിവാഹത്തിന് തൊട്ടുമുന്‍പ് തന്നെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയതായി കാണിച്ചാണ് ഫരീദ ഹനുമാന്‍ഗഡ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ മാസം നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി ഫരീദ ആരോപിക്കുന്നതായും പൊലീസ് പറയുന്നു.

ഒരു മാസം മുന്‍പ് ടൂറിസ്റ്റ് വിസയില്‍ രാജസ്ഥാനിലെ ചുരുവില്‍ എത്തിയ പാകിസ്ഥാന്‍ യുവതി, റഹ്മാന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും പൊലീസ് പറയുന്നു. കുവൈത്തില്‍ നിന്ന് തിങ്കളാഴ്ച ജയ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ റഹ്മാനെ അവിടെ വച്ചാണ് പിടികൂടിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ശേഷം അടുത്ത ദിവസമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

Leave a Reply