ബാല്യകാല സുഹൃത്തിന്റെ അകാലവിയോഗത്തില്‍ വേദന പങ്കുവച്ച് നടി കീര്‍ത്തി സുരേഷിന്റെ കുറിപ്പ്. ബ്രെയിന്‍ കാന്‍സര്‍ ബാധിച്ചാണ് കീര്‍ത്തി സുരേഷിന്റെ സുഹൃത്തായ മനീഷ മരിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ച തനിക്ക് ബുദ്ധിമുട്ടേറിയതായിരുന്നു എന്നാണ് താരം കുറിക്കുന്നത്. മനീഷയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി താരം എത്തിയത്.
കീര്‍ത്തി സുരേഷിന്റെ കുറിപ്പ്
കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. എന്റെ ബാല്യകാലസുഹൃത്ത് ഞങ്ങളെ ഇത്ര വേഗം വിട്ടിപിരിഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ല. 21ാം വയസിലാണ് അവള്‍ക്ക് ഗുരുതര ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നത്. കഴിഞ്ഞ മാസം അവസാന ശ്വാസം പോകുന്നതുവരെ എട്ട് വര്‍ഷമാണ് അവള്‍ അതിനോട് പോരാടിയത്. കഴിഞ്ഞ നവംബറില്‍ മൂന്നാം ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നതുവരെ അത്രയും മനക്കരുത് ഞാന്‍ ആരിലും കണ്ടിട്ടില്ല. അവളുമായുള്ള അവസാനത്തെ ഓര്‍മ അതിനു ശേഷം നടത്തിയ ആഴത്തിലുള്ള സംസാരമാണ്. ഇനിയും വേദന താങ്ങാനാവില്ലെന്ന് അവള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. അവളുടെ മുന്നില്‍ ഞാന്‍ എന്റെ വികാരങ്ങളെ അടക്കി. എന്നാല്‍ ആ മുറിക്ക് പുറത്തിറങ്ങിയതിനു പിന്നാലെ കണ്ണടയും മാസ്‌കും ധരിച്ച് ആശുപത്രി വരാന്തയിലൂടെ കരഞ്ഞുകൊണ്ടാണ് നടന്നത്.
അവള്‍ അബോധാവസ്ഥയില്‍ ആയിരുന്നപ്പോള്‍ ഞാന്‍ അവളെ അവസാനമായി കണ്ടുമുട്ടിയ കാര്യം സൂചിപ്പിക്കാന്‍ പോലും ആഗ്രഹിച്ചില്ല. ജീവിതം പോലും തുടങ്ങിയിട്ടില്ലാത്ത, ലോകം പോലും കണ്ടിട്ടില്ലാത്ത, ഇനിയും ഒരുപാട് സ്വപ്നങ്ങള്‍ ഉള്ള ഒരു പെണ്‍കുട്ടിക്ക് എന്തിനാണ് ഇങ്ങനെ സംഭവിച്ചത് എന്ന ചോദ്യം മാത്രം ഞാന്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. ഇപ്പോഴും അതിനെനിക്ക് ഉത്തരം ഇല്ല. അവളുടെ രോഗത്തിന്റെ കാഠിന്യം ഒരു പക്ഷേ അവളെ നേരത്തെ കൊണ്ടുപോകുമായിരുന്നു. എന്നാല്‍, അവള്‍ അവസാന ശ്വാസം വരെ പോരാടി. കൃത്യം ഒരു മാസം മുന്‍പ് അവള്‍ പോയി. നിന്നെ കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോകില്ല മച്ചുട്ടാ. ഇന്ന് നിന്റെ ജന്മദിനത്തില്‍ ഞാന്‍ നിന്നെ ഓര്‍ക്കുന്നു. ഈ ഓര്‍മകള്‍ എന്നെന്നേക്കുമാണ്’
Home entertainment ‘ഇനിയും വേദന സഹിക്കാനാവില്ലെന്ന് പറഞ്ഞ് അവള്‍ കരഞ്ഞു, ആശുപത്രി വരാന്തയിലൂടെ കരഞ്ഞുകൊണ്ട് ഞാന്‍ നടന്നു’