തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ ഉന്നതരില്‍ നിന്നുപോലും ലൈംഗിക ചൂഷണം നേരിട്ടതായി നിരവധി വനിതകള്‍ മൊഴി നല്‍കിയതായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രൂപകരിച്ചതിന് ശേഷമാണ് നടിമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പുറത്തുപറയാന്‍ തുടങ്ങിയത്. ഈ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡബ്ല്യുസിസി ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപികരിച്ചു. ഈ ഗ്രൂപ്പിലെ വിവരങ്ങള്‍ പുറത്തുപോകില്ലെന്ന് വ്യക്തമായതോടെയാണ് പലരും കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് അവസരം നിഷേധിച്ചു. ഡബ്ല്യുസിസി സ്ഥാപക അംഗമായ നടി സംഘടന വിട്ടുപോയതോടെ അവര്‍ക്ക് ധാരാളം അവസരം ലഭിച്ചു. സിനിമയിലെ മാഫിയ സംഘത്തെക്കുറിച്ച് സംസാരിച്ച പ്രമുഖ നടനതെതിരേയും പ്രതികാര നടപടിയുണ്ടായി. ഈ നടനെ സിനിമയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ശ്രമങ്ങള്‍ ഉണ്ടായി.
സിനിമയില്‍ അല്ലാതെ മറ്റൊരിടത്തും ജോലിക്കായി കിടക്ക പങ്കിടേണ്ടതില്ലെന്നാണ് നടിമാര്‍ കമ്മീഷന് നല്‍കിയ മൊഴി. സിനിമയില്‍ ഇഴുകിചേര്‍ന്ന് അഭിനയിച്ചാല്‍ സിനിമയ്ക്ക് പുറത്തും അങ്ങനെയാണെന്ന് ചിന്തിക്കുന്ന പുരുഷന്‍മാരുണ്ട്. അതിനാല്‍ പരസ്യമായി കിടക്കപങ്കിടാന്‍ പല പുരുഷന്‍മാരും നാണക്കേടില്ലാതെ ആവശ്യപ്പെടുന്നു. സിനിമയിലേക്ക് സ്ത്രീകള്‍ വരുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടിയെന്നാണ് പ്രചാരണം. നടിമാര്‍ പണം ഉണ്ടാക്കാന്‍ വരുന്നവര്‍ ആണെന്നും ആരുടെ കൂടെയും കിടക്ക പങ്കിടുമെന്ന പൊതുബോധവും നിലവിലുണ്ട്. പ്രശ്‌നക്കാരിയെന്ന് തോന്നിയാല്‍ ഈ താരങ്ങളെ പിന്നീട് സിനിമയിലേക്ക് വിളിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പൊലീസിനെ പരാതിയുമായി സമീപിക്കാന്‍ കഴിയില്ല. അങ്ങനെ പരാതി നല്‍കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ലൈംഗിക അതിക്രമം നേരിട്ട സ്ത്രീകള്‍ പൊലീസിനെ സമീപിക്കാഞ്ഞത് ജീവഭയം കൊണ്ടാണ്. സ്ത്രീകളെ അശ്ലീല ഭാഷയിലൂടെ സൈബര്‍ ആക്രമണത്തിന് വിധേയരാക്കുന്നു. ഇത്തരം സോഷ്യല്‍ മീഡിയ ആക്രമണവും പരാതി നല്‍കാതിരിക്കാന്‍ കാരണം. ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ കേട്ട് കമ്മിറ്റി ഞെട്ടിപ്പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മയക്കുമരുന്ന് സിനിമാ മേഖലയെ കീഴടക്കിയിരിക്കുന്നു.പൊലീസിന്റെയും ഭരണസംവിധാനത്തിന്റെയും അടക്കം വീഴ്ച അക്കമിട്ട് നിരത്തി റിപ്പോര്‍ട്ട്. സിനിമാമേഖലയിലെ മോശം പരാമര്‍ശങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍. ഏതാനും നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുമാണ് സിനിമാ മേഖലയെ കയ്യടക്കിയിരിക്കുന്നത്.