ജമ്മു കശ്മീരില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ സീറ്റു ധാരണ; പിഡിപി സഖ്യത്തില്‍ ഇല്ല

0

ശ്രീനഗര്‍: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ സീറ്റു ധാരണയായി. 90 അംഗ നിയമസഭയിലേക്ക് നാഷണല്‍ കോണ്‍ഫറന്‍സ് 43, കോണ്‍ഗ്രസ്40, മറ്റുള്ളവര്‍ 7 എന്നിങ്ങനെ മത്സരിക്കാനാണ് പ്രാഥമിക ധാരണയിലെത്തിയിട്ടുള്ളത്. ദേശീയതലത്തില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായ പിഡിപിയെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.സിപിഎമ്മും ആംആദ്മി പാര്‍ട്ടിയും സഖ്യത്തിന്റെ ഭാഗമാകും. പിഡിപിക്ക് മുന്നില്‍ വാതിലുകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നാണ് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നതെങ്കിലും വിട്ടുവീഴ്ച ചെയ്യുന്നതില്‍ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും കാണിക്കുന്ന വൈമുഖ്യമാണ് പ്രധാന തടസ്സം. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവര്‍ ഫാറൂഖ് അബ്ദുള്ളയെയും ഒമര്‍ അബ്ദുള്ളയെയും സന്ദര്‍ശിച്ച് നടത്തിയ ചര്‍ച്ചയിലാണ് സഖ്യധാരണയായത്.

കോണ്‍ഗ്രസിന് കൂടുതല്‍ സ്വാധീനമുള്ള ജമ്മു മേഖലയില്‍ 12 സീറ്റ് നാഷണല്‍ കോണ്‍ഫറന്‍സിന് നല്‍കും. നാഷണല്‍ കോണ്‍ഫറന്‍സിന് കൂടുതല്‍ സ്വാധീനമുള്ള കശ്മീരില്‍ 12 സീറ്റ് കോണ്‍ഗ്രസിനും നല്‍കും. പൂര്‍ണ അധികാരങ്ങളോടെ സംസ്ഥാന പദവി തിരിച്ചു നല്‍കുക എന്ന വിഷയം ഉയര്‍ത്തിക്കാട്ടിയാകും ഇന്ത്യാമുന്നണി വോട്ടുതേടുകയെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

Leave a Reply