കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആറാംദിനമായ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 1264 പേര്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുക. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സൈന്യത്തിന്റെ റഡാറുകളും ഇന്ന് പരിശോധനയ്ക്കായി ഉപയോഗിക്കും.ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍ പ്രദേശത്ത് ഡ്രോണ്‍ സര്‍വേയും നടത്തും.ചൂരല്‍മലയില്‍ രാവിലെ കനത്ത മഴയാണ്. ഉരുള്‍പൊട്ടലില്‍ മരണം 357 ആയി. 206 ഓളം പേരെ കാണാനില്ല. ഇന്നലെ 18 മൃതദേഹങ്ങളാണ് ലഭിച്ചത്. വയനാട്ടിലെ ദുരന്തത്തില്‍ അഞ്ചുദിവസങ്ങളിലായി മലപ്പുറത്ത് ചാലിയാര്‍ പുഴയില്‍ നിന്നും ഇതുവരെ 198 മൃതദേഹങ്ങളാണ് ലഭിച്ചത്. 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളുമാണ് ലഭിച്ചത്.
മൃതദേഹങ്ങളില്‍ 37 പുരുഷന്‍മാരുടേതും 29 സ്ത്രീകളുടേതും ഏഴ് കുട്ടികളുടേതും ഉള്‍പ്പെടുന്നു. ചാലിയാറിന്റെ കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ഭാഗങ്ങളില്‍ ഇന്നും പരിശോധന തുടരും. തിരിച്ചറിയാത്ത 67 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ മേപ്പാടിയില്‍ തന്നെ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ഇന്നുണ്ടായേക്കും.ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഭൂമി നല്‍കാന്‍ സന്നദ്ധ അറിയിച്ചിട്ടുണ്ട്.