തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടലിൽ ജീവനും ജീവിതവും നഷ്ടപ്പെട്ടവർക്ക് സഹായവുമായി അന്യസംസ്ഥാന ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയാണ് സഹായമായി നൽകിയത്. മുഖ്യമന്ത്രി തന്നെയാണ് ഈ വിവരം അറിയിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ ഒരനുഭവം ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്നു എന്ന മുഖവുരയോടെയാണ് വെളിപ്പെടുത്തൽ നടത്തിയത്. തമിഴ്നാട്ടിലെ റോട്ടറി ക്ലബ്ബ് ഭാരവാഹികളിൽ ചിലർ ഓഫിസിൽ എത്തിയിരുന്നു. ഒരു കോടി രൂപയുടെ ചെക്ക് അവർ കൈമാറി. പിന്നീട് പരിശോധിച്ചപ്പോൾ ഫ്യൂച്ചർ ഗെയ്മിങ് എന്നാണ് ചെക്കിൽ കണ്ടത്. സാന്റിയാഗോ മാർട്ടിന്റെ അടുത്ത ബന്ധുക്കളാണ് ചെക്ക് നൽകിയത് എന്നാണ് അതോടെ മനനസിലാക്കാനായത്. ആരുടേതെന്ന് വ്യക്തമാക്കാതെവരുന്ന ഇത്തരം സംഭാവനകളും കൂട്ടത്തിലുണ്ടെന്ന് മാത്രം പറയട്ടെ.- മുഖ്യമന്ത്രി പറഞ്ഞു.ചെക്ക് സ്വീകരിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ. റോട്ടറി ക്ലബ്ബിന്റെ ആളുകളാണ് വന്നത്. അവർ പോയല്ലോ. ചെക്ക് നമ്മുടെ കയ്യിൽ അല്ലേ. പിന്നെ നോക്കുമ്പോഴാണല്ലോ കാര്യങ്ങൾ കണ്ടത്.- ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.