കൊച്ചി: ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മാണം ഹൈക്കോടതി തടഞ്ഞു. രണ്ടാഴ്ചയ്‌ത്തേക്കാണ് സ്‌റ്റേ. കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കരുതെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു.
ഉന്നതാധികാര സമിതി, പൊലീസ്, സ്‌പെഷല്‍ കമ്മിഷണര്‍ എന്നിവരെ തീരുമാനം അറിയിക്കണമെന്ന് ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കി. പുതിയ ഭസ്മക്കുളം നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ശബരിമലയില്‍ പുതിയ ഭസ്മക്കുളത്തിനു കല്ലിട്ടത്. തന്ത്രി കണ്ഠരര് രാജീവര്,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് കല്ലിട്ടത്.
മകരജ്യോതി, ശബരി ഗസ്റ്റ് ഹൗസുകള്‍ക്ക് സമീപം കൊപ്രാക്കളത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് പുതിയ ഭസ്മക്കുളം നിര്‍മിക്കുന്നത്. കാനന ഗണപതി മണ്ഡപത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാര്‍ ഐസിഎല്‍ ഫിന്‍ കോര്‍പ്പ് സിഎംഡി കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കല്ലിട്ടു. പഞ്ചലോഹഗണപതി വിഗ്രഹം ശബരിമല എന്‍ട്രി പോയിന്റിലേക്കു മാറ്റി സ്ഥാപിക്കുന്നതിന്റെയും ശിലസ്ഥാപന കര്‍മം നടന്നു.
സന്നിധാനം ഗവ. ആശുപത്രിക്ക് മുകള്‍ വശമുള്ള എന്‍ട്രി പോയിന്റിലേക്കാണ് ഗണപതിവിഗ്രഹം മാറ്റി സ്ഥാപിക്കുന്നത്. പൂര്‍ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഭസ്മക്കുളം നിര്‍മിക്കുന്നത്.