കല്‍പ്പറ്റ: ദുരന്തഭുമിയില്‍ നിന്നും ആശ്വാസ വാര്‍ത്ത. സൈന്യത്തിന്റെ തിരച്ചിലിനിടെ വീടിനുള്ളില്‍ ഒറ്റപ്പെട്ട നാലുപേരെ കണ്ടെത്തി. ജോണി, എബ്രഹാം, ക്രിസ്റ്റി, ജോമോള്‍ എന്നിവരെയാണ് കണ്ടെത്തിയത്. ഇതില്‍ ഒരു സ്ത്രീയുടെ കാലിന് പരിക്കുണ്ടെന്നും സൈനികര്‍ പറഞ്ഞു.
പടവെട്ടിക്കുന്നില്‍ നിന്നാണ് നാലുപേരെ കണ്ടെത്തിയത്. ഇവരെ ഹെലികോപ്റ്ററില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതായി സൈന്യം അറിയിച്ചു. ഓപ്പറേഷന്റെ നാലാം ദിനമാണ് ഇവരെ കണ്ടെത്തയിയത്.ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറിൽനിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്. സൈന്യം നിർമിച്ച ബെയ്‌ലി പാലം പ്രവർത്തന സജ്ജമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലാകും.
സൈന്യവും എൻഡിആർഎഫും സംസ്ഥാന സർക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണു തിരച്ചിൽ നടത്തുന്നത്. കാണാതായവരിൽ 29 പേർ കുട്ടികളാണ്. ദുരിതാശ്വാസ ക്യാംപുകളിൽ 2328 പേരുണ്ട്. സംസ്ഥാനത്തു മഴയുടെ തീവ്രത കുറയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴ സംബന്ധിച്ച ഗ്രീൻ അലർട്ടാണുള്ളത്.