കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയില്‍ സന്ദര്‍ശനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവും സഹോദരി പ്രിയങ്ക ഗാന്ധിയും, വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരും ചുരല്‍മലയില്‍ എത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ടി സിദ്ധിഖ് എംഎല്‍എ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
താല്‍ക്കാലിക പാലം കടന്ന് മറുകരയിലെത്തിയ രാഹുല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികരുമായി സംസാരിച്ചു. മേപ്പാടിയിലെ കമ്യണിറ്റി ഹെല്‍ത്ത് സെന്ററിലും ഇവര്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലും രണ്ട് ദുരിതാശ്വാസ ക്യാംപുകളിലും സന്ദര്‍ശിച്ചു.
രാവിലെ ഒന്‍പത് മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലും പ്രിയങ്കയും റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തിയത്. വയനാട്ടിലെത്തിയ അദ്ദേഹം ആദ്യം ദുരന്തമുണ്ടായ ചൂരല്‍ മലയിലാണ് എത്തിയത്.2019ലെ തെരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച രാഹുല്‍ ഈ വര്‍ഷം ഇവിടെ നിന്ന് വീണ്ടും വിജയിച്ചിരുന്നു. എന്നാല്‍, ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ അദ്ദേഹം ആ മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.