പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായി, സംസ്ഥാനത്തൊട്ടാകെ ഒഴിഞ്ഞു കിടക്കുന്നത് 53,261 സീറ്റുകള്‍; മലപ്പുറത്ത് മാത്രം 2497

0

തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തൊട്ടാകെ പൊതുവിദ്യാലയങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്നത് 53,261 സീറ്റുകളെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലപ്പുറം ജില്ലയില്‍ പൊതുവിദ്യാലയങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്നത് 2,497 സീറ്റുകള്‍ ആണ്. സയന്‍സ് കോംബിനേഷനുകളിലാണ് മലപ്പുറത്ത് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതെന്നും മന്ത്രി അറിയിച്ചു.

മലപ്പുറത്ത് ഉള്‍പ്പെടെ പ്ലസ് വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് 120 താല്‍ക്കാലിക ബാച്ചുകളിലായി 7,200 സീറ്റുകളാണ് കൂടുതലായി അനുവദിച്ചിരുന്നത്. സംസ്ഥാന തലത്തില്‍ ഇതുവരെ ആകെ 3,88,626 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. 1,92,542 വിദ്യാര്‍ഥികള്‍ സയന്‍സ് കോമ്പിനേഷനിലും 1,13,832 വിദ്യാര്‍ഥികള്‍ കൊമേഴ്‌സ് കോമ്പിനേഷനിലും 82,252 വിദ്യാര്‍ഥികള്‍ ഹ്യുമാനിറ്റീസ് കോമ്പിനേഷനിലും ആണ് പ്രവേശനം നേടിയത്. മെറിറ്റ് ക്വാട്ടയില്‍ 3,04,955 വിദ്യാര്‍ഥികളും എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയില്‍ 21,347 വിദ്യാര്‍ഥികളും മാനേജ്‌മെന്റ് ക്വാട്ടയില്‍ 35,052 വിദ്യാര്‍ഥികളും പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴിലുള്ള മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളില്‍ 944 വിദ്യാര്‍ഥികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 26,328 വിദ്യാര്‍ഥികളും പ്രവേശനം നേടി.മലപ്പുറം ജില്ലയില്‍ ആകെ 70,686 വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം നേടി. ഇതില്‍ 25,942 വിദ്യാര്‍ഥികള്‍ സയന്‍സ് കോമ്പിനേഷനിലും 24,037 വിദ്യാര്‍ഥികള്‍ കൊമേഴ്‌സ് കോമ്പിനേഷനിലും 20,707 വിദ്യാര്‍ഥികള്‍ ഹ്യുമാനിറ്റീസ് കോമ്പിനേഷനിലും ആണ് പ്രവേശനം നേടിയത്. മെറിറ്റ് ക്വാട്ടയില്‍ 56,197 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ആകെ ഒഴിവുള്ള 2,497 സീറ്റുകളില്‍ 903 സീറ്റുകള്‍ സയന്‍സ് കോമ്പിനേഷനിലും 729 സീറ്റുകള്‍ കൊമേഴ്‌സ് കോമ്പിനേഷനിലും 865 സീറ്റുകള്‍ ഹ്യൂമാനിറ്റീസ് കോമ്പിനേഷനിലുമാണ്. സയന്‍സ് കോംബിനേഷന്‍ സീറ്റുകളാണ് പൊതുവിദ്യാലയങ്ങളില്‍ കൂടുതലായി ഒഴിഞ്ഞു കിടക്കുന്നത്. ബാച്ചുകള്‍ അനുവദിക്കുന്നതിനായി പരിശോധനകള്‍ നടത്തിയപ്പോള്‍ മലപ്പുറം ജില്ലയിലെ എല്ലാ താലൂക്കുകളിലും സയന്‍സ് കോമ്പിനേഷന്‍ സീറ്റുകള്‍ അധികമായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

Leave a Reply