ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പരിഷ്‌കരണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ യുപിഐ ഇടപാടുകള്‍ സുരക്ഷിതമായി ചെയ്യുന്നതിന് പിന്‍ സമ്പ്രദായമാണ് പിന്തുടരുന്നത്. പകരം ബയോമെട്രിക് ഓതന്റിക്കേഷന്‍ നടപ്പാക്കുന്നതിന്റെ സാധ്യതയാണ് റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തേടിയത്. ഇതുമായി ബന്ധപ്പെട്ട് സഹകരണം ഉറപ്പാക്കാന്‍ വിവിധ സ്റ്റാര്‍ട്ട്അപ്പുകളുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചര്‍ച്ച നടത്തിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.നിലവില്‍ നാല്, അല്ലെങ്കില്‍ ആറക്ക പിന്‍ ആണ് യുപിഐ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത്. പകരം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫിംഗര്‍പ്രിന്റും ഐഫോണുകളില്‍ ഫെയ്‌സ് ഐഡിയും ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യതയാണ് തേടുന്നത്. ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഒരാഴ്ച മുന്‍പ് അഡീഷണല്‍ ഫാക്ടര്‍ ഓതന്റിക്കേഷനായി ബദല്‍ നിര്‍ദേശം റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നീക്കം.
പിന്‍, പാസ് വേര്‍ഡ് എന്നിവയ്ക്ക് അപ്പുറം ബയോമെട്രിക്‌സ് പോലെ കൂടുതല്‍ സുരക്ഷ നല്‍കുന്ന മറ്റു ഓപ്ഷനുകള്‍ നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്. നിലവില്‍ യുപിഐ ഇടപാടുകളുടെ സുരക്ഷയ്ക്ക് ടു ഫാക്ടര്‍ ഓതന്റിക്കേഷനാണ് ഉപയോഗിക്കുന്നത്. മൊബൈലില്‍ യുപിഐ എന്റോള്‍ ചെയ്യുമ്പോള്‍ ഒടിപി സംവിധാനം ഉപയോഗിക്കുന്നതാണ് ഒന്ന്. ഇടപാടുകള്‍ സ്ഥിരീകരിക്കാന്‍ ഉപയോക്താക്കള്‍ നല്‍കേണ്ട യുപിഐ പിന്‍ ആണ് രണ്ടാമത്തേത്.