‘ആളുകള്‍ ചെളിയിലൂടെ ഒഴുകിപ്പോകുന്നത് കണ്ടു; നിസ്സഹായനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ’; പൊലീസുകാരന്‍ പറയുന്നു

0

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒട്ടനവധി പേരുടെ ജീവന്‍ അപഹരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത ദുരന്തമുണ്ടായിട്ട് ഒരാഴ്ച പിന്നിടുന്നു. മേപ്പാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ജിബ്ലു റഹ്മാനെ, ആ നിര്‍ഭാഗ്യകരമായ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ ഇപ്പോഴും വേട്ടയാടുകയാണ്.ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായ വിവരം അറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് പാഞ്ഞെത്തിയതായിരുന്നു ജിബ്ലു റഹ്മാന്‍. ആദ്യ ഉരുള്‍പൊട്ടലില്‍പ്പെട്ട ഒഡീഷ സ്വദേശികളായ രണ്ടു വിനോദസഞ്ചാരികളെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ജിബ്ലു രക്ഷപ്പെടുത്തിയിരുന്നു. ഒരാള്‍ കൈകാലുകള്‍ ഒടിഞ്ഞ നിലയിലും മറ്റേയാള്‍ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് ശരീരമാകെ മുറിവും ചതവുമേറ്റ അവസ്ഥയിലായിരുന്നു.

രണ്ടുപേര്‍ മുകളിലുണ്ടെന്ന് അവര്‍ വിളിച്ചു പറഞ്ഞു. ഞാനെന്റെ ടി ഷര്‍ട്ടും കോട്ടും ഊരിക്കൊടുത്ത്, അപ്പോഴേക്കും അവിടെയെത്തിയ നാട്ടുകാരായ യുവാക്കളുടെ പക്കല്‍ അവരെ ഏല്‍പ്പിച്ചു. തുടര്‍ന്ന് മുകളിലുള്ളവരെ രക്ഷിക്കാനായി അങ്ങോട്ടു പോയി. പെട്ടെന്നാണ് വലിയ ഒച്ച കേട്ടത്. രണ്ടാമതൊരു ഉരുള്‍പൊട്ടലാണെന്ന് മനസ്സിലായി.

രക്ഷയ്ക്കായി ഓടുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു. മരങ്ങളും പാറക്കല്ലുകളും ചെളിയുമെല്ലാം വഹിച്ചുകൊണ്ട് ഉരുള്‍ ഒഴുകി വരുന്നത് കണ്ടു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ ഒഴുകിപ്പോകുന്നത് നിസ്സഹായനായി നോക്കിനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂവെന്ന് ജിബ്ലു റഹ്മാന്‍ പിടിഐയോട് പറഞ്ഞു.

ഉരുള്‍പൊട്ടലിന്റെ സമയത്ത് വനംവകുപ്പിന്റെ നൈറ്റ് പട്രോള്‍ ടീമും സംഭവസ്ഥലത്തെത്തിയിരുന്നു. കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയെന്ന ആളുകളുടെ ഫോണ്‍വിളി ലഭിച്ചതിനെത്തുടര്‍ന്നാണ് വനംവകുപ്പ് സംഘം സ്ഥലത്തെത്തിയത്. ആനകളെ കാട്ടിലേക്ക് തുരത്തി. തുടര്‍ന്ന് ഗ്രാമത്തിലെത്തിയപ്പോഴാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതായി കണ്ടത്. ഉടന്‍ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. അപ്പോഴേക്കും ഉരുള്‍പൊട്ടലുണ്ടായതായി മേപ്പാടി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ പ്രദീപ് പറഞ്ഞു. 45 ഓളം പേരെയാണ് വനംവകുപ്പ് സംഘം ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെടുത്തിയത്.

Leave a Reply