മമ്മൂട്ടി – രഞ്ജിത് കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. ചിത്രം റീ റിലിസിനൊരുങ്ങുകയാണിപ്പോൾ. 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ – ശബ്ദ മിഴിവോടെയാണ് വീണ്ടും തിയറ്ററുകളിലെത്തുക. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്തുവരും. ടി പി രാജീവന്‍റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി രഞ്ജിത് ഒരുക്കിയ ചിത്രം 2009 ലാണ് പുറത്തുവന്നത്.
ഹരിദാസ്, മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ് എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരവും ശ്വേത മേനോന് മികച്ച നടിക്കുള്ള പുരസ്കാരവും അടക്കം അത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നാല് അവാര്‍ഡുകളാണ് ചിത്രം നേടിയത്.
മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. അതേസമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ രഞ്ജിത്തിനെതിരെ മീ ടൂ ആരോപണം ഉയരുന്നതിനിടെയാണ് പാലേരി മാണിക്യത്തിന്‍റെ റീ റിലീസ് ട്രെയ്‍ലര്‍ എത്തുന്നതെന്നും ശ്രദ്ധേയമാണ്.