തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്ന് നടി അന്‍സിബ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണ വിധേയരുടെ പേരുവിവരങ്ങള്‍ പുറത്തു വരണം. റിപ്പോര്‍ട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമെന്ന് താരസംഘടനയായ അമ്മയ്ക്ക് പറയാനാകില്ല. സിനിമയിലെ പവര്‍ ഗ്രൂപ്പിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അന്‍സിബ പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഞ്ചുവര്‍ഷത്തോളം പുറംലോകം കാണാതിരുന്നത് തെറ്റാണ്. നീതി വൈകുക എന്നത് നീതിനിഷേധം തന്നെയാണ്. ഇത്രയും സ്ത്രീകള്‍ അനുഭവിച്ചിട്ടുള്ള വേദനയാണ്, ഇത്രയും പേജുകളിലായി ആ റിപ്പോര്‍ട്ടിലുള്ളത്. വളരെക്കുറച്ചു പേര്‍ മാത്രമേ ആ റിപ്പോര്‍ട്ട് പൂര്‍ണമായി വായിച്ചിട്ടുണ്ടാകൂ.
ആ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേള്‍ക്കുമ്പോള്‍ വളരെ വിഷമം തോന്നുന്നു. ഇത്രയും പേര്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് നീതി കിട്ടുക തന്നെ വേണം. അവര്‍ അനുഭവിച്ചിട്ടുള്ള വേദനകള്‍ കമ്മീഷനോട് തുറന്നു പറഞ്ഞത്, ഇനിയാകും ഇരയാക്കപ്പെടരുതെന്ന് ഉള്ളതുകൊണ്ടാണ്. ഇരകളുടെ ഒപ്പം നിക്കണം. വേട്ടക്കാരന്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു.
നിയമസംവിധാനം തന്നെയാണ് നീതി ഉറപ്പാക്കാനായി മുന്നിട്ടിറങ്ങേണ്ടത്. സംഘടനകള്‍ക്ക് പരിമിതികളുണ്ട്. സംഘടനയില്‍ നിന്നും മാറ്റിനിര്‍ത്താനോ, പുറത്താക്കാനോ പറ്റുകയുള്ളൂ. അല്ലാതെ ശിക്ഷ കൊടുക്കാനാവില്ല. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം എന്തു പരമാവധി ശിക്ഷയാണോ വേട്ടക്കാര്‍ക്ക് വാങ്ങിക്കൊടുക്കാന്‍ കഴിയുക, അതു തന്നെ വാങ്ങിക്കൊടുക്കണം. ഇതിനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇനിഷ്യേറ്റീവ് ഉണ്ടാകണമെന്ന് അന്‍സിബ ആവശ്യപ്പെട്ടു.
സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റി രൂപീകരിക്കുന്നത് സ്ത്രീകള്‍ക്ക് വളരെ നല്ലതാണ്. സിനിമയിലുള്ളവര്‍ക്ക് മാത്രമല്ല, എല്ലാ തൊഴിലിടങ്ങളിലെയും സ്ത്രീകള്‍ക്കും പ്രയോറിറ്റിയുണ്ട്. അവര്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കിക്കൊണ്ട്, അവര്‍ക്ക് സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും തൊഴിലിടങ്ങളില്‍ ജോലി ചെയ്യാനുള്ള അവസരമൊരുക്കുകയാണ് സമൂഹവും സര്‍ക്കാരും ചെയ്യേണ്ടത്.
ഇതൊന്നും ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. ആരോപണവിധേയരായവര്‍ക്കെതിരെ വ്യക്തമായ തെളിവുകളും രേഖകളും ഉണ്ടെങ്കില്‍, അവരുടെ പേരുവിവരങ്ങള്‍ പുറത്തു വരുന്നതില്‍ എന്താണ് തെറ്റ്. തീര്‍ച്ചയായും പുറത്തു വരണമെന്ന് അന്‍സിബ പറഞ്ഞു. ഒരുപാട് നടികള്‍ക്ക് അത്തരത്തില്‍ ഫീല്‍ ചെയ്തിട്ടുണ്ടെങ്കില്‍, അത് യാഥാര്‍ത്ഥ്യമാണെന്ന് ഒരു സ്ത്രീ വന്നു പറയുമ്പോള്‍ അതില്ല എന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല. അത് അനുഭവിച്ചവര്‍ക്കേ അതിന്റെ വേദന അറിയുകയുള്ളൂ എന്നും അന്‍സിബ പറഞ്ഞു.