ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം, കാർഷിക വായ്പ തിരിച്ചടവിന് അഞ്ച് വർഷം സാവകാശം; ബാങ്കേഴ്സ് സമിതി തീരുമാനം

0

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തം ബാധിച്ചവരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗമാണ് തീരുമാനമെടുത്തത്. ഉരുള്‍പൊട്ടലില്‍ മരിച്ച കുടുംബങ്ങളുടെ കണക്കെടുക്കും. വെള്ളിയാഴ്ചയ്ക്കകം ഇതു പൂർത്തിയാക്കും. വായ്പ എഴുതി തള്ളുന്നതിൽ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. വായ്പ പൂർണമായും എഴുതിത്തള്ളണമെന്ന തീരുമാനമെടുക്കാൻ എസ്എൽബിസിക്ക് അധികാരമില്ലെന്നും യോഗത്തിനുശേഷം ബാങ്കേഴ്സ് സമിതി വ്യക്തമാക്കി.ദുരന്തത്തിൽ എല്ലാവരും മരിച്ച കുടുംബങ്ങൾ, ഗൃഹനാഥനും ഗൃഹനാഥയും മരിച്ച കുടുംബങ്ങൾ എന്നിവരുടെ വായ്പ എഴുതിത്തള്ളണമെന്ന് ബാങ്കുകളോട് എസ്എൽബിസി ശുപാർശ ചെയ്തു. എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളിൽ നിന്ന് എടുക്കും. വായ്പ പൂർണമായി എഴുതി തള്ളുന്നതിൽ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. കൃഷിയിടവും കൃഷിയും നശിച്ചവരുടെ വായ്പ എഴുതി തള്ളാൻ ബാങ്കുകളോട് യോഗം നിർദ്ദേശിച്ചു.

കാർഷിക വായ്പകൾക്ക് അഞ്ച് വർഷത്തെ സാവകാശം അനുവദിക്കും. ആദ്യ ഒരു വർഷം മൊറോട്ടോറിയം ഉണ്ടാകും. അത് ചെറുകിട സംരംഭകർക്ക് കൂടി ബാധകമാക്കാനും ബാങ്കേഴ്സ് സമിതി ശുപാർശ നല്‍കും. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ അടിയന്തര ധനസഹായത്തില്‍ നിന്ന് കേരള ഗ്രാമീണ്‍ ബാങ്ക് ഇഎംഐ പിടിച്ച നടപടി ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. പിടിച്ച തുക ബാങ്ക് തിരികെ നല്‍കിയിട്ടുണ്ടെന്നും ബാങ്കേഴ്സ് സമിതി അറിയിച്ചു.

ദുരന്തമേഖലയിൽ 12 ബാങ്കുകളാണ് വായ്പ നൽകിയത്. ലോൺ എടുത്തവരുടെ എണ്ണം 3220 ആണ്. 35.32 കോടിയാണ് ആകെ വായ്പ. കൃഷി വായ്പയായി 19.81 കോടി എടുത്തത് 2460 പേരാണ്. പ്രൈവറ്റ് ബാങ്കിന്റെ കാര്യം എസ്എൽബിസി പരിധിയിൽ വരുന്നതല്ല. കൃഷിഭൂമി പൂർണമായും നഷ്ടപ്പെട്ടവരുടെയും വായ്പ എഴുതി തള്ളൽ പരിഗണിക്കണം. കാർഷിക വായ്പകൾക്ക് മൊറട്ടോറിയം ഒരു വർഷത്തേക്കാക്കാന്‍ നിർദേശം നൽകും. തിരിച്ചടവിന് അഞ്ച് വർഷം സാവകാശം നല്‍കും. ചെറുകിട സംരംഭങ്ങളെ കൂടി ഉൾപ്പെടുത്താൻ നിർദേശം നല്‍കുമെന്നും ബാങ്കേഴ്സ് സമിതി വ്യക്തമാക്കി.

Leave a Reply