തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ 233 പേജുകള്‍ വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ പുറത്തുവിട്ടു. അല്‍പവസ്ത്രം ധരിച്ചാല്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നും പലപ്പോഴും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിക്കുമെന്ന് ചൂഷണത്തിനായി ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു
സിനിമ മേഖലയില്‍ വ്യാപക ചൂഷണമാണ് നടക്കുന്നത്. പൊലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ടാണ്. സിനിമയിലെ ഉന്നതര്‍ തന്നെയാണ് പലപ്പോഴും അതിക്രമം കാട്ടുന്നത്. സംവിധായകര്‍ക്കെതിരേയും പലരും മൊഴി നല്‍കിയിട്ടുണ്ട്. ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായാതായും നഗ്നത പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതായുമാണ് ചിലരുടെ മൊഴി.
മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയാ സംഘമാണ്. ചൂഷണം ചെയ്യുന്നവരില്‍ പ്രധാനനടന്‍മാരുമുണ്ട്. വഴങ്ങാത്തവരെ പ്രശ്നക്കാരായി മുദ്രകുത്തും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വരെ ചൂഷകരാകുന്നു. സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചാലും സാധാരണ ഹോട്ടലില്‍ താമസിച്ചാലും പുരുഷന്‍മാര്‍ കടന്നുവരുമോ എന്ന ഭയത്തോടെയാണ് സ്ത്രീകള്‍ താമസിക്കുന്നത്. മുറിയുടെ വാതിലില്‍ മുട്ടുന്നത് പതിവാണ്. അച്ഛനോ അമ്മയോ സഹോദരനോ ഇല്ലാതെ തൊഴിലിടത്തില്‍ സുരക്ഷിതരല്ല. അവസരം തേടുമ്പോള്‍ തന്നെ ശരീരം ചോദിക്കുന്ന പ്രവണത മലയാള സിനിമയില്‍ ഉണ്ട് എന്ന വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ട്.233 പേജുള്ള റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് എത്തിയത്. ഇതില്‍ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.
മലയാള സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേര്‍ഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നാണ് സര്‍ക്കാരിനു കൈമാറിയത്.