ന്യൂഡല്‍ഹി: വയനാട്ടില്‍ ദുരന്തമുണ്ടായ ജൂലൈ 30ന് കേരളത്തിനു നടപടിക്കു പര്യാപ്തമായ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) ഡയറക്ടര്‍ മ്യുത്യുഞ്ജയ മഹാപത്ര. നടപടിക്കു തയാറാവാനാണ് ഓറഞ്ച് അലര്‍ട്ട് ഉദ്ദേശിക്കുന്നതെന്നും അതിനു റെഡ് അലര്‍ട്ട് വരെ കാത്തിരിക്കേണ്ടതില്ലെന്നും മഹാപത്ര പറഞ്ഞു.
കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടും കേരളം മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. നടപടിയെടുത്തിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നെന്നാണ് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞത്. ഇതു തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നിരുന്നു. ജൂലൈ 30 രാവിലെ വരെ ഓറഞ്ച് അലര്‍ട്ട് മാത്രമാണ് ലഭിച്ചതെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവിയുടെ പ്രതികരണം.പടിഞ്ഞാറന്‍ തീരത്ത് ശക്തമായ മഴ പെയ്യുമെന്നാണ് ജൂലൈ 25ന് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറഞ്ഞിരുന്നതെന്ന് മഹാപത്ര ചൂണ്ടിക്കാട്ടി. ജൂലൈ 25 മുതല്‍ 29 വരെ യെല്ലോ അലര്‍ട്ടാണ് പറഞ്ഞിരുന്നത്. 29ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. 30ന് രാവിലെ തന്നെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചതായും മഹാപത്ര പറഞ്ഞു. 20 സെന്റിമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിച്ചത്.
ഓറഞ്ച് അലര്‍ട്ട് നടപടികളിലേക്കു സജ്ജമാവാനുള്ള മുന്നറിയിപ്പാണ്. അതു കിട്ടിയാല്‍ റെഡ് അലര്‍ട്ടിനു വേണ്ടി കാക്കേണ്ടതില്ല. ഹിമാചലിനും ഉത്തരാഖണ്ഡിനും സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെന്ന് മഹാപത്ര പറഞ്ഞു.