തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂക്ഷൻ ആണ് നിയമോപദേശം നൽകിയത്. നിലവിലെ സാഹചര്യത്തിൽ പരാതി കിട്ടണം എന്ന് നിർബന്ധമില്ലെന്നും സർക്കാരിന് നിയമനടപടികളിലേക്ക് കടക്കാമെന്നും നിയമോപദേശത്തിൽ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന ആരോപണം സർക്കാരിന് പരിശോധിക്കാം. പോക്സോ ആണെങ്കിൽ നിയമനടപടികൾ തുടങ്ങാമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. പൊതു ജനമധ്യത്തിൽ ഉയർന്നുവന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സർക്കാരിന ആവശ്യമായ തുടർ നടപടി എടുക്കാം എന്നാണ് നിയമോപദേശം.സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പഠിക്കാനാണ് ഹേമ കമ്മിഷനെ സർക്കാർ ചുമതലപ്പെടുത്തിയത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെ വരെ റിപ്പോർട്ടിൽ ആരോപണം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ആദ്യം റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. തുടർന്ന് ഹൈക്കോടതി നിർദേശത്തിനു പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. നടിമാർ ഉന്നയിച്ച ആരോപണങ്ങളിൽ നടപടി വേണം എന്ന ആവശ്യം ശക്തമായതോടെയാണ് സർക്കാർ നിയമോപദേശം തേടിയത്.