കണ്ണൂര്‍:കൂടുതൽ മുടിമുറിച്ചതിന്റെ പരിഭവത്തിൽ ഒൻപതാം ക്ലാസുകാരൻ ഓടിപ്പോയി. തക്കസമയത്ത് പൊലീസ് ഇടപെട്ടതിനാൽ കുട്ടിയെ ഉടൻ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം കൂത്തുപറമ്പ് ടൗണിലാണ് സംഭവമുണ്ടായത്.ബാർബർഷോപ്പിൽ നിന്ന് മുടി മുറിച്ചു കളഞ്ഞതിന് അമ്മയോട് വഴക്കിട്ട് ഓടിപ്പോവുകയായിരുന്നു.
അമ്മയോടൊപ്പമാണ് കുട്ടി ബാർബർ ഷോപ്പിൽ മുടി മുറിക്കാനെത്തിയത്. മുടി മുറിച്ചു കഴിഞ്ഞപ്പോൾ കൂടുതൽ മുടി മുറിച്ചുവെന്ന പരിഭവത്തോടെ കുട്ടി ഓടിപ്പോകുകയായിരുന്നു. ബസ്റ്റാൻഡിലും പരിസരങ്ങളിലും അമ്മ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് കരഞ്ഞുകൊണ്ട് കൂത്തുപറമ്പ് സ്റ്റേഷനിലെത്തുകയായിരുന്നു.പൊലീസിന്റെ അന്വേഷണത്തിൽ തുടർന്ന് മാറോളിഘട്ട് ടൗൺ സ്ക്വയർ പരിസരത്ത് തിരയുന്നതിനിടെ നിറയെ വെള്ളമുള്ള മാറോളി കുളത്തിന്റെ പടവിൽ കുട്ടി ഇരിക്കുന്നതായി കണ്ടെത്തി. പൊലീസ് ജീപ്പ് കണ്ട ഉടനെ കുട്ടി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ പൊലീസുകാർ കുട്ടിയെ പിടിച്ചുനിർത്തി കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. തുടർന്ന് സ്റ്റേഷനിലെത്തി കുട്ടിയെ അമ്മയ്ക്കൊപ്പം പറഞ്ഞയച്ചു. എസ്ഐ രമേശൻ, പിആർഒ ഷൈജേഷ്, സിവിൽ പൊലീസ് ഓഫീസർ മഹേഷ്, ഡ്രൈവർ പ്രജിത്ത് എന്നിവരാണ് കുട്ടിയെ കണ്ടെത്തിയത്.