ന്യൂഡൽഹി : നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.രാഹുൽ ഗാന്ധിക്ക് പുറമെ കേസുമായി ബന്ധപ്പെട്ട മറ്റ് ചിലരെ ഒരു വട്ടം കൂടി ചോദ്യം ചെയ്യാൻ ഇ ഡി ആലോചിക്കുന്നുണ്ട്. എന്നാൽ സോണിയ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുമോ എന്നതിൽ വ്യക്തതയില്ല.കേസുമായി ബന്ധപ്പെട്ട് 2022 ജൂണിൽ നാല് തവണയായി ഏകദേശം 40 മണിക്കൂറോളം ഇ ഡി ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു.
2022 ജൂലൈയിൽ മൂന്നു ദിവസങ്ങളിലായി 11 മണിക്കൂറോളം കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തിരുന്നു. യങ് ഇന്ത്യ കമ്പനിയിലെ 76 ശതമാനം ഓഹരികളുടെ ഉടമകള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. അസോസിയേറ്റഡ് ജേർണൽസ് – യങ് ഇന്ത്യ ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇ ഡി നിലപാട്.കേസിൽ 751 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.