നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ഇരുവരുടേയും വിവാഹനിശ്ചയം ഇന്ന് നടക്കുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. ഹെെദരാബാദിൽ വെച്ചായിരിക്കും വിവാഹനിശ്ചയമെന്നാണ് വിവരങ്ങൾ. വിവാഹ നിശ്ചയം വ്യാഴാഴ്ച വൈകുന്നേരമാണ് നടക്കുക. നാഗ ചൈതന്യയുടേയും ശോഭിതയുടേയും ഏറ്റവുമടുത്ത ബന്ധുക്കൾ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
വിവാഹനിശ്ചയ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ താരങ്ങൾ പുറത്തുവിടുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ വിവാഹനിശ്ചയത്തെ സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും താരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നാഗ ചൈതന്യയും ശോഭിതയും ഒന്നിച്ചുള്ള ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
എന്നാൽ ബന്ധത്തേക്കുറിച്ച് ഇരുവരും പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. നടി സാമന്തയായിരുന്നു നാഗ ചൈതന്യയുടെ മുൻഭാര്യ. 2017 ൽ വിവാഹിതരായ ഇവർ നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിൽ വേർപിരിഞ്ഞു.പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്. മൂത്തോന്‍, കുറുപ്പ്, പൊന്നിയൻ സെൽവൻ എന്നീ ചിത്രങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകർക്കും പരിചിതയാണ് ശോഭിത.