മുകേഷ് ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞ് അന്വേഷണം നേരിടണം: നടി ഗായത്രി വര്‍ഷ

0

തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷ് ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് നടി ഗായത്രി വര്‍ഷ. അധികാര സ്ഥാനങ്ങളില്‍ മുകേഷ് തുടരുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തെ ബാധിക്കുമെന്നും ഗായത്രി വര്‍ഷ പറഞ്ഞു. ദുരനുഭവങ്ങള്‍ തുറന്നുപറയാനുള്ള സ്‌പേസ് ആണ് ഇപ്പോള്‍ നടിമാര്‍ക്ക് ഉണ്ടായിട്ടുള്ളതെന്നും ഗായത്രി വര്‍ഷ കൂട്ടിച്ചേര്‍ത്തു.ടാലന്റഡ് ആയിട്ടുള്ള ആളുകള്‍ വളരെ തൃഷ്ണയോടെ, അതു ചെയ്യണമെന്ന പാഷനോടെ ആളുകള്‍ സിനിമയില്‍ വരും. മറ്റൊന്ന് മറ്റൊരു ജോലിയും ചെയ്യാതിരിക്കുമ്പോള്‍ അവനവന്റെ മെരിറ്റ്‌സിലുള്ള ആത്മവിശ്വാസത്തില്‍ വരുന്നവരുമുണ്ട്. സൗന്ദര്യത്തിലും കഴിവിലുമുള്ള ആത്മവിശ്വാസത്തിലാണ് വരുന്നത്. ഈ രണ്ടിടത്തെയും അവസ്ഥ ചൂഷണം ചെയ്യുന്നത് ഗുരുതരമായ തെറ്റാണ്. അതിന്റേതായ അര്‍ത്ഥത്തിലുള്ള നടപടി വേണം.

നിയമത്തിന്റെ യാതൊരു ആനുകൂല്യവും പറ്റി മറുവശത്ത് പോകാതിരിക്കാനുള്ള ജാഗ്രതയും, ആ പ്രിവിലേജും സ്ത്രീക്ക് ഉണ്ടാകണം. സ്ത്രീകള്‍ പരാതിയുമായി മുമ്പോട്ടു വരിക തന്നെ വേണം. പരാതി നല്‍കുന്നില്ല എന്നത് മുമ്പത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. പരാതി കൊടുക്കുന്നവര്‍ മോശക്കാരാകുന്ന അവസ്ഥ ഒത്തിരിപ്പേര്‍ക്കുണ്ടായിട്ടുണ്ട്.

വളരെ മുമ്പ്, വിവാഹത്തിനൊക്കെ മുമ്പ് തനിക്ക് സിനിമാ സെറ്റില്‍ നേരിട്ട ദുരനുഭവങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ലൊക്കേഷനിലെത്തി, പ്രമുഖര്‍ക്ക് അനുകൂലമായി പരാതി ലഘൂകരിക്കുകയാണ് ചെയ്തിട്ടുള്ളത്. നിങ്ങളും സ്റ്റാറല്ലേ, നാണക്കേടല്ലേ പൊതുജനം അറിഞ്ഞാല്‍ എന്നെല്ലാമാണ് പറഞ്ഞത്.

ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ പ്രസിഡന്റും ഒരു വനിതയാണ്. പക്ഷെ അവരുടെ പവര്‍ എന്താണ് എന്നതും ചിന്തിക്കേണ്ടതാണ്. റബര്‍ സ്റ്റാമ്പ് പോലെ അമ്മ തലപ്പത്ത് വനിത വന്നിട്ടു കാര്യമില്ല. സ്ത്രീകളുടെ കാര്യങ്ങളില്‍ ധൈര്യത്തോടെ അഭിപ്രായം പറയാന്‍ കഴിയുന്നവര്‍ വന്നാലേ കാര്യമുള്ളൂ എന്നും ഗായത്രി വര്‍ഷ കൂട്ടിച്ചേര്‍ത്തു.

Leave a Reply