കോഴിക്കോട്: ലൈംഗിക ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷ് ഭരണ കക്ഷിയില്‍പ്പെട്ട എംഎല്‍എ ആയതുകൊണ്ട് തന്നെ ലൈംഗിക ആരോപണം പോലുള്ള ഗുരുതര ആരോപണങ്ങള്‍ വന്നാല്‍ തല്‍സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമെന്നും ആനി രാജ പറഞ്ഞു.
സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ പരാതി നല്‍കിയ വനിതകള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വെളിവാക്കുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചത്. തുടക്കത്തില്‍ പരാതി കൊടുത്താല്‍ പരിശോധിക്കാം എന്ന നിലപാടില്‍ നിന്ന് മാറി പ്രത്യേക സംഘത്തെ നിയോഗിച്ചത് വിഷയം ഗൗരവത്തോടെ കാണുന്നതുകൊണ്ടാണ്. ചുമതല ഏറ്റെടുത്ത് ഉടന്‍ തന്നെ അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു.മുകേഷിന് എതിരെയുള്ള ആരോപണങ്ങള്‍ ഇടത് പക്ഷത്തിനെതിരെയുള്ള ആക്രമണമെന്നത് ശരിയല്ല. ഇടതുപക്ഷമെന്നത് സ്ത്രീപക്ഷത്തിന് അനുകൂലമായ നിലപാടാണ്. ഇതിന് ആര്‍ജവമുള്ള സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്നും ആനി രാജ പറഞ്ഞു.