കൊച്ചി: ലൈംഗികാരോപണത്തിനു പിന്നാലെ സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച പശ്ചാത്തലത്തില്‍ നാളെ വിളിച്ചുചേര്‍ത്ത താരസംഘടനയായ അമ്മയുടെ യോഗം മാറ്റിവച്ചു. സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിന് നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം ഉള്ളതുകൊണ്ടാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അമ്മയുടെ മറ്റ് ഭാരവാഹികള്‍ അറിയിച്ചു.
ചെന്നൈയിലുള്ള മോഹന്‍ലാല്‍ നാളത്തെ എക്‌സിക്യുട്ടീവ് യോഗത്തിലെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെയാണ് യോഗം മാറ്റിയത്. ഈയാഴ്ച തന്നെ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുക, ഒപ്പം ഇപ്പോഴത്തെ പ്രതിസന്ധികളെ പറ്റിയുള്ള വിശദമായ ചര്‍ച്ചകളുമായിരുന്നു നാളത്തെ യോഗത്തിന്റെ അജണ്ട. ചില അംഗങ്ങള്‍ക്കു നേരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ എക്സിക്യൂട്ടീവില്‍ തന്നെ ഭിന്നത ശക്തമാണ്. വൈസ് പ്രസിഡന്റുമാരായ ജഗദീഷും ജയന്‍ ചേര്‍ത്തലയും പരസ്യമായി നേതൃത്വത്തിനെതിരേ രംഗത്തെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ സിദ്ദിഖിനൊപ്പം നിന്ന ജയന്‍ ചേര്‍ത്തല, ജഗദീഷിന്റെ പ്രതികരണത്തിന് വലിയ ജനപിന്തുണ കിട്ടിയതോടെ മലക്കം മറിയുകയായിരുന്നു.അതേസമയം സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം നാളെ യോഗം ചേരും. പരസ്യമായി ആരോപണം ഉന്നയിച്ചവരുടെ മൊഴിയെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സംഘം പരിശോധിക്കും. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തില്‍, വനിതാ പൊലീസ് ഓഫീസര്‍മാരായ ഡിഐജി എസ് അജീത ബീഗം, എസ് പി മെറിന്‍ ജോസഫ്, എഐജി ജി പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്റെ എന്നിവരും എഐജി അജിത്ത് വി, എസ്പി എസ് മധുസൂദനന്‍ എന്നിവരും ഉള്‍പ്പെടുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ മേല്‍നോട്ടം.