കണ്ണൂര്‍: വയനാട്ടിലെ ദുരന്തബാധിതരെ ആശ്വസിപ്പിക്കാനായി എത്തിയ പ്രധാനമന്ത്രി കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി. രാവിലെ പതിനൊന്നൊടെയാണ് അദ്ദേഹം പ്രത്യേകവിമാനത്തില്‍ കണ്ണൂരില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ ചേര്‍ന്നു അദ്ദേഹത്തെ സ്വീകരിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ട്.
വിമാനത്താവളത്തില്‍ നിന്നു വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ അദ്ദേഹം ദുരന്ത ബാധിത മേഖലയിലേക്ക് പോകും. പ്രദേശത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. തുടര്‍ന്നു ദുരിതാശ്വാസ ക്യാംപുകളും അദ്ദേഹം സന്ദര്‍ശിക്കും.
മേപ്പാടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരെ പ്രധാനമന്ത്രി കാണും. ചെളിക്കൂനയില്‍പ്പെട്ട അരുണ്‍, നട്ടെല്ലിന് പരിക്കേറ്റ അനില്‍, എട്ടുവയസുകാരി അവന്തിക, ഒഡീഷക്കാരി സുഹൃതി എന്നിവര സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ശരത് ബാബുവിന്റെ മാതാപിതാക്കളെയും പ്രധാനമന്ത്രി കാണും.അതിനിടെ, പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നതിനാല്‍ വയനാട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുണ്ടക്കൈ, ചൂരലമല പ്രദേശങ്ങളില്‍ തിരച്ചില്‍ അതിനാല്‍ ഉണ്ടാകില്ലെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രദേശത്തേക്ക് ആര്‍ക്കും പ്രവേശനമുണ്ടാകില്ല. ജനകീയ തിരച്ചില്‍ ഞായറാഴ്ച പുനരാരംഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.