‘എന്റെ മകളെ പരിഹസിക്കാൻ ദശലക്ഷക്കണക്കിന് പേരുണ്ട്, ഇത് അവർക്കുള്ള മറുപടി’: അഭിമാനമെന്ന് എ ആർ റഹ്മാൻ

0

സംഗീത മാന്ത്രികൻ എആർ റഹ്മാന്റെ മകൾ ഖദീജ സിനിമ സംഗീത മേഖലയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഹലിത ഷമീം സംവിധാനം ചെയ്യുന്ന ‘മിൻമിനി’ എന്ന ചിത്രത്തിനു സംഗീതം ഒരുക്കിക്കൊണ്ടാണ് ചുവടുവെപ്പ്. ഇപ്പോൾ മകളെ പ്രശംസിച്ചുകൊണ്ട് എ ആർ റഹ്മാൻ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. തന്റെ മകളെ പരിഹസിക്കാൻ ദശലക്ഷക്കണക്കിന് പേരുണ്ടെന്ന് ഈ സിനിമയിലൂടെ അവൾ എല്ലാവർക്കും മറുപടി നൽകുമെന്നുമാണ് റഹ്മാൻ പറഞ്ഞത്.

‘എന്റെ മകൾ ആദ്യമായി സംഗീതമൊരുക്കുന്ന ചിത്രമാണ് മിൻമിനി. സംവിധായിക ഹലിത ഷമീം ആണ് അതിലേക്ക് അവളെ ക്ഷണിച്ചത്. ചിത്രം ഏറ്റവും മികവുറ്റതാകട്ടെ. ഖദീജയെക്കുറിച്ച് എന്ത് വാർത്ത വന്നാലും ദശലക്ഷക്കണക്കിനാളുകൾ അവളെ പരിഹസിക്കും. അധിക്ഷേപങ്ങൾക്കെല്ലാം അവൾ ജോലിയിലൂടെ മറുപടി നൽകി. ഞാൻ എന്റെ മകളെയോർത്ത് അഭിമാനിക്കുന്നു. ഇനിയും കൂടുതൽ വിജയങ്ങൾ നൽകി ദൈവം അവളെ അനുഗ്രഹിക്കട്ടെ’- മിൻമിനി സിനിമയുടെ പ്രീമിയറിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗായിക എന്ന നിലയില്‍ ശ്രദ്ധേയയാണ് ഖദീജ. 2020ൽ ‘ഫരിശ്തോ’ എന്ന ഗാനം ആലപിച്ചാണ് ഖദീജ റഹ്മാൻ സംഗീതമേഖലയിൽ അരങ്ങേറ്റം കുറിച്ചത്. സ്വന്തം മ്യൂസിക് വിഡിയോയും ഖദീജ പുറത്തിറക്കിയിട്ടുണ്ട്. സംഗീത മാന്ത്രികന്റെ കുടുംബത്തില്‍ മറ്റൊരാള്‍ കൂടി എത്തുന്നത് സംഗീത ആസ്വാദകരെ ആവേശത്തിലാക്കുകയാണ്. എസ്തര്‍ അനിലാണ് മിൻമിനിയിൽ നായികയായി എത്തുന്നത്. കൂടാതെ ഗൗരവ് കലൈ, പ്രവീണ്‍ കിഷോര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സില്ലു കരിപ്പാട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് ഹലിദ.

Leave a Reply