പത്തനംതിട്ട: വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌നയോട് സാമ്യമുളള പെണ്‍കുട്ടി മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയതായി മുന്‍ ജീവനക്കാരി രമണിയുടെ വെളിപ്പെടുത്തല്‍. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അജ്ഞാതനായ വെളുത്തുമെലിഞ്ഞ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ ജസ്‌നയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്.
‘പത്രത്തില്‍ പടം വന്നതു കൊണ്ടാണ് ജസ്‌നയെന്ന് തിരിച്ചറിഞ്ഞത്. ജസ്‌നയുടെ മുഖവുമായി ആ പെണ്‍കുട്ടിക്ക് സാമ്യമുണ്ട്. മണിക്കൂറുകളോളം ആ പെണ്‍കുട്ടി അവിടെ ഉണ്ടായിരുന്നു. ഒരു ടെസ്റ്റ് എഴുതാനായാണ് അവിടെയെത്തിയതെന്നാണ് പറഞ്ഞത്. യുവാവിനെ ഇനി കണ്ടാല്‍ അറിയില്ലെന്നും ജീവനക്കാരി പറഞ്ഞു. രാവിലെ 11.30നാണ് കാണുന്നത്. പയ്യന്‍ വന്നു, മുറിയെടുത്തു. രണ്ട് പേരും 4 മണി കഴിഞ്ഞാണ് ഇറങ്ങി പോകുന്നത്. പയ്യനെ ഞാന്‍ കണ്ടു, വെളുത്ത് മെലിഞ്ഞ പയ്യനാ.102ആം നമ്പര്‍ മുറിയാണെടുത്തത്. ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ.’ ലോഡ്ജ് മുന്‍ജീവനക്കാരി പറഞ്ഞു.
സംഭവത്തിന് പിന്നാലെ ലോഡ്ജ് ഉടമ ബിജു ഭീഷണിപ്പെടുത്തിയതായും മുണ്ടക്കര സ്വദേശിനിയായ യുവതി പറഞ്ഞു. ഈ കുട്ടി എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചു. അപ്പോള്‍ ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തി. ലോഡ്ജില്‍ പലരുംവരും. അതൊന്നും പറയേണ്ടെന്ന് പറഞ്ഞു. രജിസ്റ്റര്‍ രേഖപ്പെടുത്താതെയാണ് മുറി നല്‍കിയതെന്നും രമണി പറഞ്ഞു.